ഒളിവിൽ തുടരുന്ന രാഹുൽ മാങ്കൂട്ടത്തിലിനായി വ്യാപക തിരച്ചിൽ തുടർന്ന് പ്രത്യേക അന്വേഷണ സംഘം. പാലക്കാട്ടും തമിഴ്നാട്ടിലും കർണാടകയിലും തിരച്ചിൽ. രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട്ടു നിന്ന് മുങ്ങിയ ചുവന്ന കാർ ഒരു ചലച്ചിത്ര താരത്തിന്റേതെന്ന സംശയത്തിൽ കാറിനെ കേന്ദ്രീകരിച്ചും അന്വേഷണം.
യുവതിയുടെ പരാതിയിൽ കേസെടുത്ത അഞ്ചാം ദിവസവും രാഹുൽ എവിടെയന്ന ചോദ്യത്തിനു അന്വേഷണ സംഘത്തിനു ഉത്തരം കണ്ടെത്താനായിട്ടില്ല. ഇന്നലെ പുലർച്ചെ ജില്ലയിലെത്തിയ സംഘം രാഹുലിന്റെ ഫ്ലാറ്റ് കേന്ദ്രീകരിച്ചുള്ള പരിശോധനയിലാണ്. ആരോപണം വന്നതിനു പിന്നാലെ വ്യാഴാഴ്ച രാഹുൽ മുങ്ങിയതെങ്ങനെയെന്നും അന്വേഷിക്കുന്നുണ്ട്. കണ്ണാടിയിൽ തിരഞ്ഞെടുപ്പ് പ്രചരണത്തിൽ നിൽക്കെയാണ് രാഹുൽ ഒളിവിൽ പോയത്. CCTV ക്യാമറകളിൽ പതിയാതെയായിരുന്നു രാഹുലിന്റെ നീക്കം. കണ്ണാടിയിൽ നിന്ന് ഫ്ലാറ്റിലെത്തി പിന്നീട് ചുവന്ന കാറിൽ ജില്ല വിട്ടെന്നാണ് അന്വേഷണ സംഘം കരുതുന്നത്. ഈ കാർ ഒരു ചലച്ചിത്ര താരത്തിന്റേതാണെന്ന നിഗമനത്തിൽ അതേ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്
അതേസമയം തെറ്റിദ്ധരിപ്പിക്കാനും തെളിവ് നശിപ്പിക്കാനും രാഹുലിന്റെ ഭാഗത്തുനിന്ന് നീക്കം നടക്കുന്നുണ്ടെന്നാണ് അന്വേഷണസംഘം കരുതുന്നത്. രാഹുൽ മുങ്ങിയ കഴിഞ്ഞ വ്യാഴാഴ്ചത്തെ സിസിടിവി ദൃശ്യങ്ങൾ DVR ൽ നിന്നും ഡിലിറ്റ് ചെയ്ത നിലയിലാണ്. അപ്പാർട്ട്മെൻ്റ് കെയർ ടേക്കറെ സ്വാധിനിച്ച് ഡിലിറ്റ് ചെയ്തെന്നാന്ന് സംശയം. രാഹുൽ കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് എത്തി എന്ന പ്രചരണവും തെറ്റിദ്ധരിപ്പിക്കലിന്റെ ഭാഗമാണെന്നാണ് കരുതുന്നത്. അതേസമയം തൃശൂർ,പാലക്കാട്, കോയമ്പത്തൂർ, ബാംഗ്ലൂർ എന്നിവിടങ്ങളിൽ രാഹുലിനു വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.