പോലീസിലെ പുഴുക്കുത്തുകളെ ചൂണ്ടിക്കാണിച്ചതിനാണ് തനിക്ക് പിരിച്ചുവിടൽ നോട്ടീസ് ലഭിക്കുന്നതെന്ന് 18 മാസമായി സസ്പെൻഷനിൽ തുടരുന്ന സിപിഒ ഉമേഷ് വള്ളിക്കുന്ന് മനോരമ ന്യൂസിനോട് പറഞ്ഞു. ഇത് ചൂണ്ടിക്കാണിച്ച് തന്നെ നോട്ടീസിന് മറുപടി നൽകും. പിരിച്ചു വിട്ടാൽ കോടതിയെ സമീപിക്കുമെന്നും ഉമേഷ് വള്ളിക്കുന്ന് വ്യക്തമാക്കി. പിരിച്ചു വിടാൻ തീരുമാനിച്ചു എന്ന് പറഞ്ഞിട്ടുള്ള നോട്ടീസ് ആണ് ഇപ്പോൾ കിട്ടിയത്. തുടർച്ചയായിട്ടുള്ള അച്ചടക്ക നടപടികൾ നേരിട്ടുകൊണ്ടിരിക്കുന്ന ആളാണ്, ശിക്ഷിക്കപ്പെട്ടിട്ടുണ്ട്, അതെല്ലാം കൂടെ കൺസോളിഡേറ്റ് ചെയ്തിട്ട് താങ്കൾ പോലീസിൽ തുടരാൻ യോഗ്യതയില്ലെന്ന് പറഞ്ഞുകൊണ്ടുള്ള നോട്ടീസാണ് തന്നിട്ടുള്ളതെന്ന് ഉമേഷ് പറഞ്ഞു.

നോട്ടീസിന് 15 ദിവസം കൊണ്ട് മറുപടി കൊടുക്കണം. മറുപടി കൊടുത്തില്ലെങ്കിലും , കൊടുത്ത മറുപടി തൃപ്തികരമല്ലെങ്കിലും പിരിച്ചു വിടും. ഈ നടപടികൾ മുഴുവൻ വന്നത്  പൊലീസിലെ പ്രശ്നങ്ങൾ പറഞ്ഞതിന്‍റെയും  പൊലീസിനെ  ബാധിച്ച പുഴുക്കുത്തുകളെ ചൂണ്ടിക്കാട്ടിയതിന്‍റെയും  പേരിലാണ്. അത് സ്വാഭാവികമായിട്ടും പോസിറ്റീവ് ആയിട്ട് എടുക്കേണ്ടതാണ്. സർക്കാരിനെതിരെ ആണെന്നും പോലീസിനെതിരെ ആണെന്നും വ്യാഖ്യാനിച്ചിട്ടാണ് ഈ നടപടികൾ ഉണ്ടായതെന്നും ഉമേഷ് പറഞ്ഞു. മറുപടി നൽകുമെന്നും അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ ട്രൈബ്യൂണലിനെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ENGLISH SUMMARY:

According to senior civil police officer Umesh Vallikkunnu, he has received a dismissal notice because he pointed out the corrupt elements within the police. He told Manorama News that he will respond to the notice and — if dismissed — will approach the court. The notice, he said, claims that though he has faced repeated disciplinary actions and punishments, now he is considered unfit to continue in the police.