സംസ്ഥാനത്ത് എസ്.ഐ.ആറില്‍ ഇനിയും കണ്ടെത്താനാകാതെ 12, 40, 715 വോട്ടര്‍മാര്‍. മരണമടഞ്ഞവര്‍ , സ്ഥലം മാറിയവര്‍, മേല്‍വിലാസം മാറിയവര്‍, ഫോമമുകള്‍ തിരികെ നല്‍കാന്‍ മടിക്കുന്നവര്‍, എസ്.ഐ.ആറില്‍പങ്കെടുക്കേണ്ട എന്നു തീരുമാനിച്ചവര്‍ എന്നിവരെല്ലാം ഇതില്‍ ഉള്‍പ്പെടും. 2 കോടി 39 ലക്ഷം ഫോമുകള്‍ ഇതുവരെ ഡിജിറ്റൈസ് ചെയ്തുകഴിഞ്ഞു. വിതരണം ചെയ്ത ഫോമുകളുടെ 85 ശതമാനമാണിത്. നഗരപ്രദേശങ്ങളിലെ ഫോമുകളാണ് ഇനിയും പൂരിപ്പിച്ചു കിട്ടാനുള്ളതില്‍ അധികവും. നാളെയും ക്യാമ്പുകളില്‍ ഫോമുകള്‍ സ്വീകരിക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഒാഫീസര്‍ അറിയിച്ചു.
അതേസമയം, എസ്.ഐ.ആര്‍ മാറ്റിവെയ്ക്കണമെന്ന കേരളത്തിന്‍റെ ഹര്‍ജിയില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കി. കേരളത്തിലെ എസ്.ഐ.ആര്‍ മാറ്റിവയ്ക്കില്ലെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍റെ നിലപാട്. സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പും എസ്.ഐ.ആറും ഒന്നിച്ച് മുന്നോട്ട് പോകുമെന്ന് കമ്മിഷന്‍ സത്യവാങ്മൂലം നല്‍കി. ബി.എൽ.ഒമാരുടെ മരണം എസ്.ഐ.ആറിലെ ജോലി ഭാരം കൊണ്ടല്ല. തദ്ദേശ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളേറെയും പൂർത്തിയായി. അതിനാല്‍ എസ്.ഐ.ആര്‍ മാറ്റിവയ്ക്കേണ്ട സാഹചര്യമില്ലെന്നും മാറ്റിവയ്ക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്‍റെ ഹർജി പിഴയീടാക്കി തള്ളണമെന്നും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ ആവശ്യപ്പെട്ടു. എസ്ഐആർ നിലവില്‍ തദ്ദേശ തിരഞ്ഞെടുപ്പിനെ ബാധിച്ചിട്ടില്ലെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനും സുപ്രീം കോടതിയിൽ സത്യവാങ്മൂലം നല്‍കി.