കിഫ്ബിയുടെ മസാലബോണ്ട് ഇടപാടില്‍ മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവര്‍ക്കെതിരെ ഇഡി നടപടി. അന്വേഷണത്തില്‍ ഫെമ ചട്ടലംഘനം കണ്ടെത്തിയതോടെ മുഖ്യമന്ത്രിക്ക് ഇഡി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. മുന്‍ ധനമന്ത്രി തോമസ് ഐസക്ക് കിഫ്ബി സിഇഒ കെ. എം എബ്രഹാം എന്നിവര്‍ക്കും നോട്ടീസുണ്ട്. ശനിയാഴ്ചയാണ് നോട്ടിസ് നല്‍കിയത്. മൂന്ന് വര്‍ഷത്തിലേറെ നീണ്ട അന്വേഷണത്തിനൊടുവിലാണ് ഇഡി അഡ്ജുഡിക്കേറ്റിങ് അതോറിറ്റി മുന്‍പാകെ കംപ്ലെയിന്‍റ് സമര്‍പ്പിച്ചത്.
മസാലബോണ്ട് വഴി സമാഹരിച്ച പണം അടിസ്ഥാനസൗകര്യ പദ്ധതികള്‍ക്ക് വിനിയോഗിച്ചത് ചട്ടലംഘനമെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. 2019ല്‍ 9.72% പലിശയില്‍ ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ മസാലബോണ്ടിറക്കി 2150 കോടിയാണ് കിഫ്ബി സമാഹരിച്ചത്. 2019 ജനുവരി 17ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന കിഫ്ബി ബോർഡ് യോഗത്തിലാണ് മസാലബോണ്ടിറക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കാന്‍ തീരുമാനിച്ചത്.
അന്വേഷണത്തിന്‍റെ ഭാഗമായി കഴിഞ്ഞവര്‍ഷം തോമസ് ഐസക്കിന് രണ്ട് തവണ ഇഡി സമന്‍സ് അയച്ചിരുന്നു. കിഫ്ബി ഹാജരാക്കിയ രേഖകളടക്കം പരിശോധിച്ചാണ് ചട്ടലംഘനം നടന്നുവെന്ന ഇഡിയുടെ കണ്ടെത്തല്‍. കാരണം കാണിക്കല്‍ നോട്ടീസ് ലഭിച്ചവര്‍ക്ക് പ്രതിനിധി വഴിയോ അഭിഭാഷകന്‍ വഴിയോ വിശദീകരണം നല്‍കാം. ഇരുപക്ഷവും കേട്ട ശേഷമായിരിക്കും അഡ്ജുഡിക്കേറ്റിങ് അതോറിറ്റിയുടെ അന്തിമതീരുമാനം.
എന്താണ് മസാല ബോണ്ട് ?
*ഇന്ത്യൻ കമ്പനികൾ വിദേശ വിപണിയിൽ പുറത്തിറക്കുന്ന രൂപയിലുള്ള കടപത്രം
* കടപ്പത്രത്തിന്റെ മൂല്യവും തിരിച്ചടവും ഇന്ത്യൻ രൂപയിൽ
* രൂപയുടെ മൂല്യം ഇടിവ് മൂലം അധിക ബാധ്യത ഉണ്ടാകില്ല
* വിദേശ സ്വകാര്യ നിക്ഷേപകർ ചുമത്തുന്നത് ഉയര്‍ന്ന പലിശ
ഐസക്കിന്റെ മസാല ബോണ്ട്
* 2019 ഏപ്രിലിൽ ആണ് കിഫ്ബി ലണ്ടൻ മസാല ബോണ്ട് പുറത്തിറക്കിയത്
* ലിസ്റ്റ് ചെയ്തത് ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ
* കിഫ്ബി സമാഹരിച്ചത് 2150 കോടി രൂപ
* കാലാവധി 5 വർഷം
* പലിശ 9.723 ശതമാനം
എന്തുകൊണ്ട് മസാല ബോണ്ട്?
* അടിസ്ഥാന സൗകര്യ വികസനത്തിന് വലിയ ഫണ്ട് ആവശ്യം
* ബജറ്റിലെ തുക കൊണ്ട് ഇത് സാധ്യമല്ല
* ചുരുങ്ങിയ സമയം കൊണ്ട് വലിയ തുക വായ്പഎടുക്കാം
* മൂല്യമിടിവ് മൂലമുള്ള കറൻസി നഷ്ടം ഒഴിവാക്കാം
എന്തുകൊണ്ട് വിവാദം ?
* തിരഞ്ഞെടുക്കപ്പെട്ട നിക്ഷേപകർക്ക് മുന്നിലാണ് ബോണ്ട് സമർപ്പിച്ചത്
* ഇവർ ആരൊക്കെ എന്നത് ദുരൂഹം
* ദുരൂഹത എന്തിന് എന്ന ചോദ്യത്തിന് ഉത്തരമില്ല
* ഉയർന്ന പലിശയും ചോദ്യം ചെയ്യപ്പെടുന്നു
* ഫെമ നിയമത്തിന്‍റെ ലംഘനം എന്നും ആക്ഷേപം
* ഇതിൽ കൂടിയാണ് ED അന്വേഷണം.
ഭരണഘടന പ്രശ്നങ്ങൾ
* ഭരണഘടന പ്രശ്നങ്ങൾ ഉയർത്തിയത് സിഎജി
* കേന്ദ്രസർക്കാർ അനുമതി തേടണം എന്ന് വ്യാഖ്യാനം.
* ഇല്ലെങ്കിൽ ഭരണഘടന അനുച്ഛേദം 293ന്‍റെ ലംഘനം
* തിരിച്ചടവ് മോട്ടോർ വാഹന നികുതി, ഇന്ധന സെസ് എന്നിവയിലൂടെ
* മസാല ബോണ്ടിന് സംസ്ഥാന സർക്കാരിന്‍റെ ഗ്യാരന്‍റി
* കിഫ്ബി തിരിച്ചടവ് മുടക്കിയാൽ ബാധ്യത സർക്കാരിന്