ratan-khelkar

കേരളം ഉള്‍പ്പെടെ സംസ്ഥാനങ്ങളിലെ സമഗ്ര വോട്ട‍ര്‍ പട്ടിക പരിഷ്കരണ നടപടികള്‍ സമയപരിധി ഒരാഴ്ചത്തേക്ക് നീട്ടി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍. വോട്ട‍ര്‍മാരില്‍ നിന്ന് വിവരങ്ങള്‍ അടങ്ങിയ ഫോമുകള്‍ തിരികെ നല്‍കാനുള്ള സമയം ഡിസംബ‍ര്‍ 11 വരെ നീട്ടി. കരട് വോട്ട‍ര്‍ പട്ടിക 16ന് പ്രസിദ്ധീകരിക്കും. അധികസമയം, ഒരു അപ്പീല്‍ പോലുമില്ലാത്ത പട്ടിക പ്രസിദ്ധീകരിക്കാന്‍ വേണ്ടി ഉപയോഗിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസ‍ര്‍ രത്തന്‍ യു ഖേല്‍ക്കര്‍ പറഞ്ഞു.

എസ്ഐആര്‍ നീട്ടിവയ്ക്കണമെന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ ആവശ്യം, സുപ്രീംകോടതിയിലെ കേസ്. ഇതിനിടെയിലാണ് സമയപരിധി നീട്ടി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി. ഫോമുകള്‍ തിരികെ നല്‍കാനുള്ള സമയം ഡിസംബ‍ര്‍ 11 വരെ നീട്ടി. കരട് വോട്ട‍ര്‍ പട്ടിക 16നും അന്തിമ വോട്ടര്‍ പട്ടിക ഫെബ്രുവരി 14നും പുറത്തിറക്കും. അധികസമയം കിട്ടിയില്ലെങ്കിലും ചൊവ്വാഴ്ചയ്ക്കുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാകുമായിരുന്നുവെന്ന് പറഞ്ഞ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ അധികസമയം മികവുറ്റ രീതിയില്‍ ഉപയോഗിക്കുമെന്ന് പറഞ്ഞു. 

നിലവിലെ സാഹചര്യത്തില്‍ പഴയ പട്ടികയില്‍ നിന്ന് പത്തുലക്ഷം പേര്‍ പുറത്തുപോകും. അതില്‍ അഞ്ചു ലക്ഷം പേരും മരണപ്പെട്ടവരാണ്. മുന്‍ മന്ത്രിയും എംഎല്‍എയുമായ മാത്യു ടി.തോമസിന്റെ പേരില്ലാത്തത് കലക്ടര്‍ പരിശോധിക്കുന്നുണ്ട്.  അപ്പീലുകളും പരാതികളുമില്ലാത്ത കുറ്റമറ്റ പട്ടിക കേരളം പുറത്തിറക്കും. 

അര്‍ഹതയുള്ള ഒരാള്‍ക്കും വോട്ടവകാശം നിഷേധിക്കപ്പെടില്ല. പുതിയ വോട്ടര്‍മാര്‍ക്കായി പ്രത്യേക ഡ്രൈവുകള്‍ സംഘടിപ്പിക്കും. എസ്.ഐ.ആറിനായി കുട്ടികളെ ഇറക്കണമെന്ന് നി‍ര്‍ബന്ധിച്ചിട്ടില്ല. ബി.എല്‍.ഒമാ‍ര്‍ക്കായി സംഘടിപ്പിച്ച സൂംബ പരിപാടി തുടരുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു.  അതേസമയം, സമയം നീട്ടിയത് രാഷ്ട്രീയ പാര്‍ട്ടികളുടെ ആശങ്ക കമ്മിഷന്‍ ശരിവയ്ക്കുന്നതിന് തുല്യമായി.

ENGLISH SUMMARY:

The Central Election Commission extended the deadline for the Summary Revision of Electoral Rolls (SIR) to December 11 following political demands and court cases. Kerala CEO Ratan U. Kelkar confirmed the draft list will be published on Dec 16. Around 10 lakh names, including 5 lakh deceased, are expected to be removed, but the final list will be error-free.