ബലാത്സംഗക്കേസിൽ പ്രതിയായി ഒളിവിൽ കഴിയുന്ന യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയെ കണ്ടെത്താൻ അന്വേഷണ സംഘം നീക്കം ശക്തമാക്കി. ഇതിന്റെ ഭാഗമായി രാഹുലിന്റെ ഡ്രൈവറെ പാലക്കാട്ടെ ഫ്ലാറ്റിൽനിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു.
രാഹുലിന്റെ ഡ്രൈവറായ ആൽവിനെയാണ് അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. രാഹുൽ താമസിച്ചിരുന്ന പാലക്കാട്ടെ ഫ്ലാറ്റിൽനിന്ന് ഇയാളെ കസ്റ്റഡിയിലെടുത്ത ശേഷം ചോദ്യം ചെയ്യൽ തുടരുകയാണ്.
ഇതിനിടെ, രാഹുൽ മാങ്കൂട്ടത്തിലിന്റെ അടുത്ത സുഹൃത്തായ ഫെന്നി നൈനാന്റെ അടൂരിലുള്ള വീട്ടിലും പൊലീസ് പരിശോധന നടത്തി. രാഹുൽ ഈ വീട്ടിൽ ഒളിവിൽ കഴിയാൻ സാധ്യതയുണ്ടെന്ന സൂചനയുടെ അടിസ്ഥാനത്തിലായിരുന്നു നീക്കം.
എന്നാൽ, പരിശോധനയ്ക്കെത്തിയ പൊലീസ് ഉദ്യോഗസ്ഥർ മര്യാദയില്ലാതെയാണ് പെരുമാറിയതെന്ന് ഫെന്നി നൈനാൻ പ്രതികരിച്ചു. രാഹുലിനെ കണ്ടെത്താനായി പൊലീസ് വിവിധ കേന്ദ്രങ്ങളിൽ റെയ്ഡ് തുടരുകയാണ്. മുൻകൂർ ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്നതിന് മുൻപ് തന്നെ രാഹുലിനെ കസ്റ്റഡിയിലെടുക്കാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം.