കേസെടുത്ത് രണ്ടാം ദിവസവും ഒളിവില്‍ തുടര്‍ന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍. ഇന്നലെ വക്കാലത്ത് ഒപ്പിടാനായി തിരുവനന്തപുരത്തെത്തിയെന്ന് അഭിഭാഷകന്‍ പറഞ്ഞു. പരാതി വ്യാജമെന്ന് സ്ഥിരീകരിക്കുന്ന തെളിവുകള്‍ കോടതിയില്‍ സമര്‍പ്പിച്ചതായും അഭിഭാഷകന്‍ അവകാശപ്പെട്ടു. അതിനിടെ രാഹുലിന് വേണ്ടി പൊലീസ് തിരച്ചില്‍ വ്യാപകമാക്കി. മുന്‍കൂര്‍ ജാമ്യാപേക്ഷ ബുധനാഴ്ച പരിഗണിക്കും. അതിനിടെ യുവതിയുടെ വാദങ്ങള്‍ കള്ളമെന്ന് തെളിയിക്കുന്ന ഡിജിറ്റല്‍ തെളിവുകള്‍ മുദ്രവെച്ച കവറില്‍ കോടതിയിലെത്തിച്ചതായി അഭിഭാഷകന്‍ അവകാശപ്പെട്ടു. ശബ്ദരേഖകളും വാട്സപ് ചാറ്റുകളും ഇതിലുണ്ടെന്നും ഗര്‍ഭഛിദ്രം നടത്തിയത് യുവതിയുടെ ഇഷ്ടപ്രകാരമാണെന്ന് ഇതിലൂടെ ബോധ്യപ്പെടുമെന്നുമാണ് അവകാശവാദം.
യുവതി പരാതി നല്‍കിയ ബുധനാഴ്ച വൈകിട്ട് അഞ്ചരയ്ക്ക് സത്യമേവ ജയതേയെന്ന് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചതാണ് രാഹുല്‍. പിന്നീട് പൊലീസിന്‍റെയും ജനങ്ങളുടെയും മാധ്യമങ്ങളുടെയും കണ്ണുവെട്ടിച്ച് മുങ്ങി. ഇതുവരെ പൊതുസമൂഹത്തില്‍ പൊങ്ങിയിട്ടില്ല. അതിനിടെ ഇന്നലെ ഉച്ചയോടെ വക്കാലത്ത് ഒപ്പിടാനായി തിരുവനന്തപുരത്തെത്തിയതായി അഭിഭാഷകന്‍ അവകാശപ്പെട്ടു.
വഞ്ചിയൂരിലെ വക്കീല്‍ ഓഫീസിലെത്തിയെന്നും അതല്ല കിളിമാനൂരിലെ ബന്ധുവീട്ടില്‍വെച്ചാണ് ഒപ്പിട്ടതെന്നും വാദമുണ്ട്. എന്നാല്‍ ഒളിവിലല്ലെന്ന് വരുത്തി മുന്‍കൂര്‍ജാമ്യാപേക്ഷയില്‍ അനുകൂല വിധിയുണ്ടാക്കാനായി രാഹുലും അഭിഭാഷകനും ചേര്‍ന്ന് മെനയുന്ന കള്ളക്കഥയാണ് തിരുവനന്തപുരത്തെ പ്രത്യക്ഷപ്പെടലെന്നാണ് പൊലീസ് സംശയിക്കുന്നത്.
എന്തായാലും ഇന്ന് രാഹുലിന്‍റെ പാലക്കാട്ടെ എം.എല്‍.എ ഓഫീസ് തുറക്കുകയും ഇന്നലെ വരാതിരുന്ന ഡ്രൈവർ ആൽവിനും പേഴ്സണൽ അസി. ഫസലും ഓഫീസിലെത്തി. ഒളിവിലുള്ള എം.എല്‍.എ എവിടെയെന്ന അന്വേഷണം പൊലീസ് വ്യാപകമാക്കിയിട്ടുണ്ട്. കയ്യില്‍ കിട്ടിയാല്‍ അറസ്റ്റ് ചെയ്തേക്കും. അതല്ലെങ്കില്‍ രാഹുല്‍ നിരീക്ഷണത്തിലുണ്ടെന്ന് ഉറപ്പാക്കാനുമാണ് എല്ലാ ജില്ലയിലെയും ഷാഡോ പൊലീസ് സംഘത്തോട് നിര്‍ദേശിച്ചിരിക്കുന്നത്.