രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികപീഡന പരാതിയില്‍ യുവതി ശബ്ദരേഖകളും വാട്സപ്പ് ചാറ്റുകളും ഉള്‍പ്പടെ തെളിവുകൾ കൈമാറി. യുവതിയുടെ മൊഴിയെടുപ്പ് പൂർത്തിയായി. തിരുവനന്തപുരം റൂറൽ വനിത സെൽ ഇൻസ്പെക്ടറാണ് മൊഴിയെടുത്തത്. കേസെടുക്കാനുള്ള നടപടി പുരോഗമിക്കുന്നു. യുവതി നല്‍കിയ പരാതി മുഖ്യമന്ത്രിയുടെ ഓഫിസ് എഡിജിപിക്ക് കൈമാറിയിരുന്നു. സെക്രട്ടേറിയറ്റിലെത്തിയാണ് യുവതി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്.
അതേസമയം രാഹുല്‍ മാങ്കൂട്ടത്തില്‍ എവിടെയെന്നതില്‍ വ്യക്തതയില്ല. പാലക്കാട് എംഎല്‍എ ഓഫിസ് പൂട്ടിയിട്ട നിലയിലാണ് . രാഹുലിന്റെ ഫോണ്‍ സ്വിച്ച്ഡ് ഓഫുമാണ്. കഴിഞ്ഞ ദിവസമാണ് രാഹുലും പരാതിക്കാരിയും സംസാരിക്കുന്ന ശബ്ദരേഖയും വാട്സാപ് ചാറ്റും പുറത്തുവന്നത്. ഗര്‍ഭഛിദ്രത്തിന് പ്രേരിപ്പിച്ചെന്ന ശബ്ദരേഖയാണ് പുറത്തുവന്നിരുന്നത്. ഇതുവരെ പരാതിയില്ലെന്ന് പ്രതിരോധിച്ചിരുന്ന രാഹുലിന് ഇതോടെ കുരുക്ക് മുറുകുകയാണ്.
അതേസമയം നിയമപരമായി പോരാടുമെന്നും കുറ്റം ചെയ്തിട്ടില്ലെന്ന് ബോധ്യമുണ്ടെന്നും രാഹുല്‍ ഫെയ്സ്ബുക്കില്‍ പ്രതികരിച്ചു. കോടതിയിലും ജനങ്ങളുടെ കോടതിയിലും എല്ലാം ബോധ്യപ്പെടുത്തുമെന്നും സത്യം ജയിക്കുമെന്നും കൂട്ടിച്ചേര്‍ത്തു. വാര്‍ത്തയോട് ചെറുചിരി മാത്രമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. എന്നാല്‍ പ്രതികരിക്കാന്‍ പ്രതിപക്ഷ നേതാവ് തയ്യാറായില്ല. രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റു ചെയ്യണമെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി–സതീശന്‍ ഒത്തുതീര്‍പ്പ് ഈ കേസിലുണ്ടാകരുത്. കോണ്‍ഗ്രസ് രാഹുലിന്‍റെ എംഎല്‍എ സ്ഥാനം രാജിവയ്പ്പിക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.