ലൈംഗികപീഡന പരാതിയില്‍ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പൊലീസ് കേസെടുത്തു. തിരുവനന്തപുരം വലിയമല പൊലീസ് സ്റ്റേഷനിലാണ് കേസെടുത്തിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസ്. കേസ് നേമം പൊലീസിന് കൈമാറി. ഇന്നലെ മുഖ്യമന്ത്രിക്ക് യുവതി നേരിട്ട് പരാതി നല്‍കിയിരുന്നു. യുവതി നല്‍കിയ പരാതി മുഖ്യമന്ത്രിയുടെ ഓഫിസ് എഡിജിപിക്ക് കൈമാറിയിരുന്നു. സെക്രട്ടേറിയറ്റിലെത്തിയാണ് യുവതി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്.
ഭീഷണിപ്പെടുത്തി ഗർഭഛിദ്രം നടത്തിയെന്നാണ് യുവതി പരാതിയില്‍ പറയുന്നത്. കുട്ടിയുണ്ടായാൽ രാഷ്ട്രീയഭാവി നശിക്കുമെന്ന് രാഹുൽ പറഞ്ഞു. എതിർത്തപ്പോൾ ചീത്ത വിളിച്ചു, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. ഗുളിക നൽകിയാണ് ഗർഭഛിദ്രം നടത്തിയതെന്നും രാഹുലിന്റെ സുഹൃത്ത് ഗുളികയെത്തിച്ച് നൽകിയെന്നും യുവതിയുടെ പരാതിയിലുണ്ട്. വിഡിയോ കോളിലൂടെ ഗുളിക കഴിച്ചെന്ന് ഉറപ്പിച്ചെന്നും യുവതി.
ഇന്നലെ പൊലീസ് യുവതിയുടെ മൊഴിയെടുത്തിരുന്നു. തിരുവനന്തപുരം റൂറൽ വനിത സെൽ ഇൻസ്പെക്ടറാണ് മൊഴിയെടുത്തത്. യുവതി ശബ്ദരേഖകളും വാട്സപ്പ് ചാറ്റുകളും ഉള്‍പ്പടെ തെളിവുകളും പൊലീസിന് കൈമാറിയിട്ടുണ്ട്.
അതേസമയം രാഹുല്‍ മാങ്കൂട്ടത്തില്‍ എവിടെയെന്നതില്‍ വ്യക്തതയില്ല. പാലക്കാട് എംഎല്‍എ ഓഫിസ് പൂട്ടിയിട്ട നിലയിലാണ് . രാഹുലിന്റെ ഫോണ്‍ സ്വിച്ച്ഡ് ഓഫുമാണ്. കഴിഞ്ഞ ദിവസമാണ് രാഹുലും പരാതിക്കാരിയും സംസാരിക്കുന്ന ശബ്ദരേഖയും വാട്സാപ് ചാറ്റും പുറത്തുവന്നത്. ഗര്‍ഭഛിദ്രത്തിന് പ്രേരിപ്പിച്ചെന്ന ശബ്ദരേഖയാണ് പുറത്തുവന്നിരുന്നത്. ഇതുവരെ പരാതിയില്ലെന്ന് പ്രതിരോധിച്ചിരുന്ന രാഹുലിന് ഇതോടെ കുരുക്ക് മുറുകുകയാണ്.