കേരളക്കരയിലെ ഏറ്റവും വലിയ കലാ,സാഹിത്യ സാംസ്കാരികോത്സവമായ ഹോർത്തൂസിന് ഇന്ന് കൊച്ചിയിൽ തുടക്കം. വൈകീട്ട് ആറിന് നടൻ മമ്മൂട്ടി അസുലഭ അനുഭവങ്ങൾക്ക് തിരിതെളിയിക്കും. രാവിലെ 11 മുതൽ സംവാദ വേദികൾ സജീവമാകും. 5 വേദികളിലായി 225 സെഷനുകളിൽ നാനൂറിലേറെ പ്രതിഭകൾ പങ്കെടുക്കും.
കാർണിവൽ നഗരമായ കൊച്ചിയിക്ക് ഇനി നാല് സുന്ദര രാപകലുകൾ. സുഭാഷ് പാർക്കിലും രാജേന്ദ്ര മൈതാനത്തുമായി ഉദ്യാനം ഒരുങ്ങി. കേട്ടും കണ്ടും കൂട്ടംകൂടാം. അരയന്നത്തിന്‍റെ രൂപത്തിലാണ് സുഭാഷ് പാർക്കിലെ കവാടം. കുറിഞ്ചി, മുല്ലൈ, മരുതം, നെയ്തൽ, പാലൈ, നിലപാടുതറ എന്നിവയാണ് വേദികൾ.
ഗാസയിലെ നോവുകൾ പങ്കുവയ്ക്കാൻ ഇന്ത്യയിലെ പലസ്തീൻ സ്ഥാനപതി അബ്ദുല്ല മുഹമ്മദ് അബു ഷവേഷ് ആദ്യ ദിനമെത്തും. ടി പത്മനാഭൻ, ശ്രീകുമാരൻ തമ്പി, സി രാധാകൃഷ്ണൻ, എൻ.എസ് മാധവൻ, മല്ലിക സുകുമാരൻ, അമിഷ് ത്രിപാഠി, റഫീക് അഹമ്മദ്, കൽപറ്റ നാരായണൻ, ഡൊമിനിക് അരുൺ, ശാന്തി ബാലചന്ദ്രൻ എന്നിവർ പങ്കെടുക്കുന്ന സെഷനുകളുണ്ട്.
നിലപാടുതറയിൽ ബിനോയ് വിശ്വവും എം.വി.ഗോവിന്ദനും ഫെമിനിച്ചി ഫാത്തിമ ഫെയിം ഷംല ഹംസയും ഇന്നുണ്ടാകും. മനുഷ്യർ നേരിട്ട് കടുത്ത ജീവിതാനുഭവങ്ങൾ പങ്കുവയ്ക്കുന്ന ലിവിങ് ലൈബ്രറിയിൽ അഞ്ച് കഥകൾ കേട്ട് അനുഭവിക്കാം. നടൻ റോഷൻ മാത്യു നയിക്കുന്ന അഭിനയ ശിൽപശാലയും ഭാവിയിലെ ഭക്ഷണ വിശേഷങ്ങളുമായി ഷെഫ് സ്റ്റുഡിയോയുമുണ്ട്.