മദ്യ ലഹരിയില്‍, അപകടമുണ്ടാക്കി മുഴുവൻ യാത്രക്കാരെയും കൊല്ലുമെന്ന് ഭീഷണിമുഴക്കി അന്തർ സംസ്ഥാന സർവീസ് നടത്തുന്ന സ്വകാര്യ ബസിന്റെ ഡ്രൈവറും ക്ലീനറും. കോഴിക്കോട് നിന്ന് ബെംഗളുരു വഴി ചെന്നൈയിലേക്ക് പോയ ഭാരതി ട്രാവൽസിന്റെ ബസിലെ ഡ്രൈവറാണ് മദ്യലഹരിയിൽ ബസ് ഓടിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്. മദ്യ ലഹരിയിൽ ഡ്രൈവർ ബസ് ദേശീയ പാതയിൽ നിന്ന് പുറത്തേക്ക് ഓടിച്ചിറക്കാൻ ശ്രമിക്കുകയും ചെയ്തു.
തിങ്കളാഴ്ച അർദ്ധ രാത്രിയാണ് നടുക്കുന്ന ഈ സംഭവങ്ങൾ അരങ്ങേറിയത്. തുടർച്ചയായി നിയന്ത്രണം നഷ്ടമാകുന്നത് ശ്രദ്ധിച്ച യാത്രക്കാരിൽ ഒരാള്‍ ക്യാബിനിൽ വന്നന്വേഷിച്ചപ്പോൾ കണ്ടത് മദ്യം ഗ്ലാസിൽ ഒഴിച്ചു ഡ്രൈവിങ്ങിനിടെ സേവിക്കുന്ന ഡ്രൈവറെ. തൊട്ടടുത്ത് കുടിച്ചു ബോധമില്ലാതെ കിടക്കുന്ന ക്ലീനർ. വാഹനം നിർത്താൻ ആവശ്യപെട്ടതോടെ ഭീഷണിയായി. ബഹളം കേട്ടുണർന്ന കൂടുതൽ യാത്രക്കാർ എത്തിയത്തോടെ ബസ് ഹൈ വേയിൽ നിന്ന് ഇടിച്ചിറക്കി എല്ലാവരെയും കൊല്ലുമെന്നായി ഭീഷണി. ഇതിനായി ഒരു തവണ ബസ് വെട്ടിച്ചതോടെ ഭയചകിതരായാ യാത്രക്കാർ പിൻവാങ്ങി.
പിന്നീട് ശ്രീരംഗപട്ടണ ടോൾ പ്ലാസക്കു സമീപം ബസ് വേഗത കുറച്ച സമയം യാത്രക്കാര്‍ ഡ്രൈവറെ പിടിച്ചു മാറ്റാൻ ശ്രമിച്ചു. ഇതോടെ ഡ്രൈവർ മദ്യക്കുപ്പിയുമെടുത്തു ബസിൽ നിന്ന് ഇറങ്ങി ഓടി. നാല് മണിക്കൂറിനു ശേഷം ബെംഗളുരുവിൽ നിന്ന് പകരം ഡ്രൈവർ എത്തിയാണ് സർവീസ് പൂർത്തിയാക്കിയത്. ആരോപണ വിധേയനെ തൊട്ടടുത്ത ദിവസം വീണ്ടും ഡ്യൂട്ടിക്ക് നിയോഗിച്ചതോടെയാണ് യാത്രക്കാർ ദൃശ്യങ്ങൾ പുറത്തു വിട്ടത്. മോശം പെരുമാറ്റത്തിന്റെ പേരിൽ നേരെത്തെയും ഭാരതി ട്രാവൽസിനെതിരെ പരാതി ഉയർന്നിരുന്നു.