ശബരിമല സ്വര്‍ണക്കൊള്ളയില്‍ തന്ത്രിമാരായ കണ്ഠരര് രാജീവര്, മോഹനര് എന്നിവരുടെ മൊഴിയെടുത്ത് പ്രത്യേക അന്വേഷണ സംഘം. ഉണ്ണികൃഷ്ണന്‍ പോറ്റിയെ അറിയാമെന്ന് ഇരുവരും സമ്മതിച്ചു. സ്വര്‍ണം പൂശല്‍ തീരുമാനം ദേവസ്വം ബോര്‍ഡിന്‍റേതായിരുന്നുവെന്നാണ് തന്ത്രിമാരുടെ മൊഴി. ഇരുവരെയും പ്രത്യേക അന്വേഷണ സംഘത്തിന്‍റെ ഓഫിസിലേക്ക് വിളിച്ചുവരുത്തിയാണ് മൊഴി രേഖപ്പെടുത്തിയത്.
ഉണ്ണികൃഷ്ണന്‍ പോറ്റിയെ എങ്ങനെയാണ് പരിചയപ്പെട്ടത്, എന്താണ് അടുപ്പം എന്നീ വിവരങ്ങള്‍ അന്വേഷണ സംഘം ആരാഞ്ഞു. ശബരിമലയില്‍ നിരന്തരമായി വരികയും ഇടപെടുകയും ചെയ്തയാള്‍, ബെംഗളൂരുവിലടക്കമുള്ള ക്ഷേത്രങ്ങളില്‍ വച്ചുള്ള പരിചയം എന്നീത്തരത്തിലുള്ള സൗഹൃദമാണുള്ളത്. അതിനപ്പുറമുള്ള സാമ്പത്തിക ഇടപാടുകളില്ലെന്നും ഇവര്‍ മൊഴി നല്‍കിയെന്നാണ് സൂചന. ശബരിമലയില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ തീരുമാനത്തില്‍ തന്ത്രിമാര്‍ ഇടപെടാറില്ല. തീരുമാനങ്ങള്‍ക്ക് എന്തെങ്കിലും ആചാരപരമായ പ്രശ്നങ്ങളുണ്ടോ എന്നതാണ് തന്ത്രിമാരോട് ആരായുന്നത്. അത് ദൈവഹിതം നോക്കി അനുമതി നല്‍കുകയാണ് ചെയ്തതെന്നും ഇരുവരും മൊഴി നല്‍കി.