പാലാരിവട്ടം സ്റ്റേഷനിലെ സിപിഒയെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിലെ മുഖ്യപ്രതി എസ്ഐ കെ.കെ ബൈജുവിനായി അയൽ ജില്ലകളിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. ഒളിവിൽ കഴിയവേ അറസ്റ്റിലായ സ്പായിലെ ജീവനക്കാരിയായ രമ്യയെ ചോദ്യം ചെയ്തെങ്കിലും ബൈജു എവിടെയെന്ന് അറിയില്ലെന്നാണ് ഇവര്‍ മറുപടി നല്‍കിയത്. ഭീഷണിപ്പെടുത്തി പോലീസുകാരനിൽ നിന്ന് വാങ്ങിയ നാല് ലക്ഷംരൂപയും ബൈജു രമ്യയെയാണ് ഏൽപ്പിച്ചത്. ഇതിൽ ഒരു ലക്ഷം രൂപ കൂട്ടുപ്രതി ഷിഹാം വാങ്ങുകയും ചെയ്തു.
തന്റെ സ്വർണമാല സ്പായിൽ നിന്ന് മോഷണം പോയെന്നാണ് രമ്യ ആവർത്തിക്കുന്നത്. ഇത് സത്യമാണോ എന്ന് ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. ശരിക്കും മാല മോഷണം പോയിട്ടുണ്ടെങ്കിൽ അതിന് പിന്നിൽ ആരെന്നുകൂടി പൊലീസിന് കണ്ടെത്തേണ്ടി വരും. മാല സ് പൊലീസുകാരൻ മോഷ്ടിച്ചുവെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയാണ് നാല് ലക്ഷം എസ്ഐ ബൈജുവിന്റെ നേതൃത്വത്തിൽ തട്ടിയത്. അറസ്റ്റിലായ രമ്യയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
നവംബര്‍ എട്ടിനാണ് പൊലീസുകാരന്‍ സ്പായിലെത്തിയത്. സിപിഒ മടങ്ങിയതിന് പിന്നാലെ രമ്യ എസ്ഐ ബൈജുവിനെ വിളിക്കുകയും തന്‍റെ മാല നഷ്ടമായെന്നും അത് സിപിഒ എടുത്തുകൊണ്ട് പോയതാണെന്ന് ആരോപിക്കുകയും ചെയ്തു. ഇതോടെ പാലാരിവട്ടം ബൈജു സിപിഒയെ വിളിച്ച് ഭീഷണിപ്പെടുത്തി. നാലുലക്ഷം രൂപ നല്‍കണമെന്നും ഇല്ലെങ്കില്‍ മാല മോഷ്ടിച്ചതും സ്പായിലെത്തിയതും ഭാര്യയെ അറിയിക്കുമെന്നും പറഞ്ഞു. ബൈജു നേരിട്ടെത്തിയാണ് പണം വാങ്ങിയത്.