തർക്കം നിലനിന്ന കണ്ണൂർ ആന്തൂർ നഗരസഭയിൽ മൂന്നു വാർഡുകളിൽ കൂടി എൽഡിഎഫിന് എതിരില്ലാതെ ജയം. രണ്ടിടത്ത് യുഡിഎഫ് പത്രിക തള്ളിയതും ഒരാൾ പിൻവലിച്ചതുമാണ് ജയത്തിന് കാരണം. കണ്ണപുരത്തും രണ്ട് ഇടതു സ്ഥാനാർത്ഥികൾ എതിരില്ലാതെ ജയിച്ചു. അതേസമയം, ആന്തൂരിൽ തർക്കം നിലനിന്ന മറ്റു രണ്ടു വാർഡുകളിൽ യുഡിഎഫ് പത്രികകൾ അംഗീകരിച്ചു.  

കോൾമൊട്ട , തളിവയൽ , തളിയിൽ, കോടല്ലൂർ , അഞ്ചാംപീടിക എന്നീ വാർഡുകളിലാണ് അനിശ്ചിതത്വം നിലനിന്നത്. സൂക്ഷ്മ പരിശോധനയിൽ ഒപ്പിനെ ചൊല്ലി ഇരു മുന്നണികളും തമ്മിൽ തർക്കമായതോടെ വരണാധികാരി പ്രത്യേക ഹിയറിങ് ഇന്ന് നടത്താൻ തീരുമാനിക്കുകയായിരുന്നു. കോൾമൊട്ട , തളിവയൽ എന്നിവിടങ്ങളിൽ യുഡിഎഫ് പത്രികയിലെ ഒപ്പുകൾ വ്യാജമാണെന്ന എൽഡിഎഫ് വാദം തള്ളിയാണ് പത്രിക അംഗീകരിച്ചത്. ടി എൻ ഉണ്ണികൃഷ്ണൻ , റംഷീന എന്നിവരാണ് യുഡിഎഫ് സ്ഥാനാർത്ഥികൾ. ഈ രണ്ടിടത്തും എൽഡിഎഫ് - യുഡിഎഫ് മത്സരം നടക്കും. 

തളിയിൽ, കോടല്ലൂർ എന്നിവിടങ്ങളിൽ യുഡിഎഫ് പത്രികയിലെ ഒപ്പ് അംഗീകരിച്ചില്ല. ഈ പത്രിക തള്ളിയതോടെ രണ്ടിടത്തും എൽഡിഎഫ് സ്ഥാനാർത്ഥികൾ എതിരില്ലാതെ വിജയിച്ചു. കെ വി പ്രേമരാജൻ, ഇ രജിത എന്നിവരാണ് ജയിച്ചത്. അഞ്ചാംപീടിക വാർഡിൽ യുഡിഎഫ് സ്ഥാനാർത്ഥി കെ ലിവ്യ പത്രിക പിൻവലിച്ചതോടെ ടി വി ധന്യയ്ക്കും എതിരില്ലാതെ ജയം. ഇതോടെ ആന്തൂരിൽ മാത്രം എതിരില്ലാതെ ജയിച്ച എൽഡിഎഫ് സ്ഥാനാർത്ഥികൾ അഞ്ചായി

കണ്ണപുരം പഞ്ചായത്തിലും തർക്കം നിലനിന്ന രണ്ടു വാർഡുകളിൽ സിപിഎം സ്ഥാനാർത്ഥികൾ എതിരില്ലാതെ ജയിച്ചു. ഒന്ന്, എട്ട് വാർഡുകളിലെ യുഡിഎഫ് ബിജെപി പത്രികകളാണ് തള്ളിയത്. ഇതോടെ കണ്ണുപുരത്ത് എതിരില്ലാതെ ജയിച്ചവർ ആറായി. കണ്ണൂരിൽ ഉടനീളം ഇതുവരെ 14 ഇടതു സ്ഥാനാർത്ഥികളാണ് എതിരില്ലാതെ ജയിച്ചത്. അതേസമയം, ചെറുപുഴ പഞ്ചായത്തിൽ തർക്കം നിലനിന്ന 10, 15 വാർഡുകളിലെ യുഡിഎഫ് പത്രികകൾ അംഗീകരിച്ചു.

ENGLISH SUMMARY:

Kannur Election Results: LDF secures unopposed victories in multiple wards of Anthoor Municipality and Kannapuram Panchayat. UDF nominations were rejected in some wards leading to the wins.