തിരഞ്ഞെടുപ്പ് കമ്മിഷന്‍റെ വെട്ട് ഹൈക്കോടതി തിരുത്തിയതോടെ വോട്ടുറപ്പിച്ച് കോതമംഗലം സ്വദേശിനി മെയ്മോള്‍. വോട്ട് നിഷേധത്തിനെതിരെ ഹൈക്കോടതിയില്‍ സ്വയം കേസ് വാദിച്ചാണ് മെയ്മോള്‍ അനുകൂല വിധി സമ്പാദിച്ചത്. വെട്ടിയ പേരുകള്‍ ഹൈക്കോടതിയുടെ ഇടപെടലില്‍ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തി ഉത്തരവിറക്കി.
എറണാകുളം ജില്ലയിലെ കുന്നത്തുനാട് താലൂക്കില്‍ വേങ്ങൂർ ഗ്രാമപഞ്ചായത്തിലെ മുനിപ്പാറ വാർഡിലെ താമസക്കാരിയായിരുന്നു മെയ്മോള്‍ പി.ഡേവീസ്. ആനശല്യം രൂക്ഷമായ പ്രദേശത്തെ മെയ്മോളുടെ ഭൂമി വനംവകുപ്പ് ഏറ്റെടുത്തു. ഹൈക്കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ ഓഗസ്റ്റ് പതിമൂന്നിനായിരുന്നു ഭൂമി കൈമാറ്റം. ഇതിന് ശേഷം കോതമംഗലം കോട്ടപ്പടി പഞ്ചായത്തിലാണ് മെയ്മോളുടെയും കുടുംബത്തിന്‍റെയും താമസം. കുടുംബം മുനിപ്പാറയില്‍ നിന്ന് താമസം മാറിയതിന് പിന്നാലെ തന്നെ പഞ്ചായത്ത് സെക്രട്ടറി മെയ്മോളുടെയും കുടുംബത്തിന്‍റെയും പേര് വെങ്ങൂര്‍ പഞ്ചായത്തിലെ വോട്ടേഴ്സ് ലിസ്റ്റില്‍ നിന്ന് വെട്ടി. പുതിയ പഞ്ചായത്തില്‍ വോട്ട് ചേര്‍ക്കണമെങ്കില്‍ ആറ് മാസമായി അവിടെ താമസിക്കുന്നുവെന്ന് രേഖവേണം. ഇതോടെ കോട്ടപ്പടി പഞ്ചായത്തിലെ വോട്ടേഴ്സ് ലിസ്റ്റിലും മെയ്മോള്‍ക്ക് വോട്ടില്ല. തന്‍റെ വോട്ട് അനാഥമായതോടെയാണ് മെയ്മോള്‍ ഹൈക്കോടതിയെ സമീപിച്ചതും നീക്കം വിജയംകണ്ടതും.
ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണനാണ് മെയ്മോളുടെ ഹര്‍ജി പരിഗണിച്ച് വോട്ടവകാശം പുനസ്ഥാപിക്കാന്‍ ഉത്തരവിട്ടത്. മെയ്മോളുടെ ഇടപെടലില്‍ അമ്മയുടെയും സഹോദരന്‍റേയും വോട്ടും വേങ്ങൂര്‍ പഞ്ചായത്തില്‍ പുനസ്ഥാപിക്കപ്പെട്ടു. വോട്ടവകാശം പുനസ്ഥാപിച്ചെങ്കിലും തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള ആഗ്രഹം സമയപരിധി കഴിഞ്ഞതിനാല്‍ നടന്നില്ലെന്ന നിരാശ മെയ്മോള്‍ക്കുണ്ട്.