കൊച്ചിയില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയും കാറ്റും. മഴയില്‍ എം.ജി.റോഡ്, കലൂര്‍, ഇടപ്പള്ളി, പാലാരിവട്ടം ഉള്‍പ്പെടെയുള്ള നഗരത്തിന്റെ പലഭാഗങ്ങളിലും വെള്ളം കയറി. ദേശീയപാതയില്‍ ഗതാഗതക്കുരുക്ക് ഉണ്ടായി. പലയിടങ്ങളിലും വൈദ്യുതി തടസ്സം നേരിട്ടിട്ടുണ്ട്. കടമുറികളിലേക്ക് വെള്ളം ഇരച്ചുകയറിയതോടെ വ്യാപാരികള്‍ പ്രതിസന്ധിയിലായിരിക്കുകയാണ്. 

തൃശൂര്‍ ചാലക്കുടിയില്‍ ശക്തമായ കാറ്റില്‍ തെങ്ങ് ഒടിഞ്ഞുവീണ് വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റു. പതിനൊന്നും പതിനാറും വയസുളള കുട്ടികളുടെ മുകളിലേക്കാണ് തെങ്ങ് ഒടിഞ്ഞുവിണത്. 

കനത്തമഴയില്‍  താമരശേരി ചുരത്തില്‍ ഗതാഗതക്കുരുക്ക്. അവധി ദിവസമായതിനാല്‍ കൂടുതല്‍ വാഹനങ്ങള്‍ എത്തിയതാണ് ഗതാഗതക്കുരുക്കിന് കാരണം.  കുരുക്കില്‍പ്പെട്ട യാത്രക്കാരി കുഴഞ്ഞുവീണു. ഇതിനിടെ ചുരത്തിലെ ഓവുചാലിലേക്ക് കാർ വഴുതി  അപകടമുണ്ടായി. 

തിരുവനന്തപുരത്തും കൊല്ലത്തും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ യെലോ അലർട്ട് നല്കി. നാളെ തിരുവനന്തപുരം മുതൽ ഇടുക്കി വരെ യെലോ അലർട്ടുണ്ട്.  ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നു. നാളെ ഇത് തീവ്ര ന്യൂനമർദ്ദമായി മാറുമെന്നാണ് കാലാവസ്ഥാ പ്രവചനം.

അറബിക്കടലിനു മുകളിൽ ചക്രവാത ചുഴിയും നിലനില്ക്കുന്നുണ്ട്. കാറ്റിനും ഉയർന്ന തിരമാലകൾക്കും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദ്ദേശം നൽകി. 26 വരെ മഴ തുടരും

ENGLISH SUMMARY:

Kochi Rain: Heavy rain disrupts Kochi with waterlogging and traffic jams. Orange and yellow alerts are issued for various districts in Kerala due to the formation of a low-pressure area in the Bay of Bengal.