എറണാകുളം കോന്തുരുത്തിയില്‍ ലൈംഗികതൊഴിലാളിയായ സ്ത്രീയെ ജോര്‍ജ് കൊലപ്പെടുത്തിയത് സാമ്പത്തിക തര്‍ക്കത്തിന്റെ പേരില്‍. വെള്ളിയാഴ്ച്ച രാത്രി പത്തുമണിയോടെയാണ് ജോര്‍ജ് എറണാകുളം സൗത്ത് ഗേള്‍സ് ഹൈസ്ക്കൂളിനു സമീപത്തുവച്ച് ഈ സ്ത്രീയെ കാണുന്നത്. ഭാര്യയും മക്കളും വീട്ടിലില്ലാത്തതിനാല്‍ കൂടെക്കൂട്ടി. ഭക്ഷണം വാങ്ങിച്ച് വീട്ടിലെത്തിയ ശേഷം ഇരുവരും ഒന്നിച്ചിരുന്ന് മദ്യപിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്തു, പിന്നാലെ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടു. എന്നാല്‍ പിന്നീട് സ്ത്രീ പണം ചോദിച്ചതോടെ ജോര്‍ജിന്റെ മട്ടുമാറി. പണമില്ലാതെ തിരിച്ചുപോവില്ലെന്നു പറഞ്ഞ സ്ത്രീയെ ജോര്‍ജ് കമ്പിപ്പാര കൊണ്ട് അടിച്ചു കൊലപ്പെടുത്തി.
പിന്നാലെ ആരുമറിയാതെ മൃതദേഹം പുറത്തെ ഡ്രെയിനേജില്‍ ഉപേക്ഷിക്കാനായിരുന്നു ജോര്‍ജിന്റെ പദ്ധതി. അതിനായി പുലര്‍ച്ചെ നാലരയോടെ സമീപത്തെത്തി ചാക്ക് ചോദിച്ചു, പട്ടിയെ മറവുചെയ്യാനാണെന്നാണ് പറഞ്ഞത്. ശേഷം വീട്ടിലെത്തി കിടപ്പുമുറിയില്‍ നിന്നും സ്ത്രീയുടെ കഴുത്തില്‍ കയര്‍ കെട്ടി വലിച്ചു. എന്നാല്‍ പാതിവഴിയിലെത്തിയതോടെ ഇയാള്‍ തളര്‍ന്നു പാതി മയക്കത്തിലായി. അങ്ങനെ മതിലിനോട് ചേര്‍ന്ന് ചാരിയിരുന്നു. അര്‍ധനഗ്നമായ സ്ത്രീയുടെ മൃതദേഹത്തിനൊപ്പം ജോര്‍ജ് ഇരിക്കുന്ന ദൃശ്യം പുറത്തുവന്നു.
അര്‍ധനഗ്നമായ മൃതദേഹത്തിനടുത്ത് തളര്‍ന്നുറങ്ങുന്ന ജോര്‍ജിനെ ഹരിതകര്‍മസേന അംഗങ്ങളാണ് ആദ്യം കണ്ടത്. ഉടന്‍ തന്നെ കൗണ്‍സിലറേയും പിന്നാലെ പൊലീസിനേയും വിളിച്ചു. പാലക്കാട് ശ്രീകൃഷ്ണപുരം സ്വദേശിയായ ബിന്ദു(48) ആണ് കൊല്ലപ്പെട്ടത്. മദ്യപിച്ചു കഴിഞ്ഞാല്‍ ജോര്‍ജിന്റെ സ്വഭാവം മോശമാണെന്നും തരികിടയാണെന്നും നാട്ടുകാരില്‍ ചിലര്‍ പറയുന്നു. 61വയസുകാരനായ ജോര്‍ജ് പ്രായമായ രോഗികളെ ശുശ്രൂഷിക്കാനായി പോകുന്നയാളാണ്. മകന്‍ യുകെയിലാണ്. മകള്‍ക്കൊപ്പമാണ് ഭാര്യ നിലവില്‍ താമസിക്കുന്നത്. അതേസമയം ജോര്‍ജിന്റെ പേരില്‍ മറ്റു ക്രിമിനല്‍ കേസുകളൊന്നുമില്ലെന്നും പൊലീസ് പറയുന്നു.