തിരുവനന്തപുരം കോര്‍പറേഷനിലെ യുഡിഎഫ് സ്ഥാനാര്‍ഥി വൈഷ്ണ സുരേഷിന്റെ വോട്ടുവെട്ടലില്‍ മേയര്‍ ആര്യാ രാജേന്ദ്രന്റെ ഓഫിസ് ഇടപെട്ടതിന് തെളിവായി ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് അബിന്‍ വര്‍ക്കി രംഗത്ത്. അയ്യേ.. ഇത്രയും ചീപ്പ് ആയിരുന്നോ മേയറൂട്ടി എന്ന് പരിഹാസ രൂപേണ അബിന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.
തന്നേക്കാൾ പ്രായം കുറഞ്ഞ ഒരു കുട്ടി കോർപ്പറേഷനിൽ മത്സരിക്കാൻ വരുമ്പോ കുശുമ്പും, രാഷ്ട്രീയവും മൂത്ത് അവരുടെ വോട്ട് വെട്ടി സ്ഥാനാർഥിത്വം തന്നെ തള്ളാൻ ശ്രമിക്കുന്നത് ഒക്കെ എത്ര മാത്രം അപഹാസ്യമാണ്. ഈ ചെറു പ്രായത്തിലെ ഇമ്മാതിരി വേലത്തരം ഒക്കെ കാണിച്ചാൽ പിന്നീട് എന്താകും അവസ്ഥ. അയ്യേ.. അയ്യയ്യേ.. മോശം തന്നെ.. – അബിന്‍ ട്രോളുന്നു.
വൈഷ്ണ സുരേഷിന്റെ വോട്ട് വെട്ടിയതിനു പിന്നില്‍ സി.പി.എമ്മിന്റെ ക്രിമിനല്‍ ഗൂഢാലോചനയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. വൈഷ്ണയുടെ പേര് വെട്ടാൻ ഉദ്യോഗസ്ഥർക്ക് മേൽ സമ്മർദ്ദം ചെലുത്തിയത് മേയർ ആര്യ രാജേന്ദ്രനെന്ന് കെ.മുരളീധരനും തുറന്നടിച്ചു. ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടി തുടരുമെന്നും മുരളീധരൻ പറഞ്ഞു. ആരോപണത്തിൽ പ്രതികരിക്കാതെ വിവാദം അവസാനിപ്പിക്കാനാണ് സി.പി.എം ലക്ഷ്യമിടുന്നത്.
വൈഷ്ണയുടെ പേര് വെട്ടിയതിൽ കോർപ്പറേഷൻ ജീവനക്കാരുടെ പങ്ക് കൃത്യമായി തിരഞ്ഞെടുപ്പ് കമ്മീഷൻ ചൂണ്ടിക്കാണിച്ചതോടെയാണ് സിപിഎമ്മിനെ കടന്നാക്രമിച്ച് പ്രതിപക്ഷ നേതാവും മേയർ ആര്യ രാജേന്ദ്രനെ കടന്നാക്രമിച്ച് കെ മുരളീധരനും രംഗത്തെത്തിയത്. തിരഞ്ഞെടുപ്പ് കമ്മിഷന്‍ അന്വേഷണം പ്രഖ്യാപിക്കണമെന്നും കുറ്റക്കാരായ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. പതിമൂന്നാം തീയതി കോർപ്പറേഷനിൽ നേരിട്ട് എത്തിയാണ് ആര്യ ഇടപെട്ടതെന്നും മുരളീധരൻ മനോരമ ന്യൂസിനോട് പറഞ്ഞു.