ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റും മുതിര്‍ന്ന സിപിഎം നേതാവുമായ എ.പത്മകുമാര്‍ റിമാന്‍ഡില്‍. ക്രൈംബ്രാഞ്ച് ആസ്ഥാനത്തെ ചോദ്യംചെയ്യലിന് ശേഷമാണ് വൈകിട്ടോടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ശ്രീകോവിലിലെ കട്ടിളപ്പാളിയിലെ സ്വര്‍ണ മോഷണത്തിലാണ് അറസ്റ്റ്. കട്ടിളപ്പാളി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൊടുത്തുവിട്ടപ്പോള്‍ രേഖയില്‍ സ്വര്‍ണം, ചെമ്പ് എന്നാക്കി എഴുതിയതില്‍ പത്മകുമാറിനും അറിവുണ്ടെന്ന് എസ്ഐടി കണ്ടെത്തി.
പത്മകുമാറിനെ തിരുവനന്തപുരം സ്പെഷ്യല്‍ സബ് ജയിലിലേക്ക് മാറ്റി. എല്ലാം അയ്യപ്പന്‍ തീരുമാനിക്കട്ടെയെന്നായിരുന്നു അറസ്റ്റിന് ശേഷമുള്ള പത്മകുമാറിന്റെ മറുപടി. സിപിഎമ്മിന്‍റെയും മുഖ്യമന്ത്രിയുടെയും അതിവിശ്വസ്തനായ എന്‍.വാസുവിന് പിന്നാലെ എ.പത്മകുമാറിന്റെ അറസ്റ്റോടെ സര്‍ക്കാരിലേയും ദേവസ്വം ബോര്‍ഡിലേയും കൂടുതല്‍ ഉന്നതരിലേക്ക് വലവിരിക്കുകയാണ് അന്വേഷണസംഘം. 42 വര്‍ഷമായി സിപിഎം ജില്ലാ കമ്മിറ്റിയംഗവും മുന്‍ എംഎല്‍എയുമാണ് പത്മകുമാര്‍.
എ.പത്മകുമാര്‍ കൂടി അറസ്റ്റിലായതോടെ സര്‍ക്കാരിനും സിപിഎമ്മിനും എതിരെ ആഞ്ഞടിച്ച് പ്രതിപക്ഷം രംഗത്തെത്തി. മുന്‍ ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രനെ ചോദ്യംചെയ്യണമെന്നും സിപിഎമ്മിന്റെ അറിവോടെയാണ് കൊള്ള നടന്നതെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറഞ്ഞു. സ്വര്‍ണക്കൊള്ളയില്‍ ഇനിയും സിപിഎം നേതാക്കള്‍ പിടിയിലാകുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ചൂണ്ടിക്കാട്ടി. അന്വേഷണം മന്ത്രിമാരില്‍ എത്തിച്ചേരുെമന്ന് രമേശ് ചെന്നിത്തലയും വ്യക്തമാക്കി.