കൊല്ലം തങ്കശ്ശേരി ആല്‍ത്തറയില്‍ വന്‍ തീപിടുത്തം. മൂന്നു വീടുകള്‍ പൂര്‍ണമായും രണ്ടു വീടുകള്‍ ഭാഗികമായും കത്തി നശിച്ചു. രാത്രി ഒന്‍പത് മണിയോടെയായിരുന്നു തീപിടുത്തമുണ്ടായത്. അടുക്കളയില്‍ നിന്നു പടര്‍ന്ന തീയാണ് വീടുകളിലേക്ക് വ്യാപിച്ചത്. തീ ഗ്യാസ് സിലിണ്ടറുകളിലേക്ക് പടര്‍ന്നതോടെ പൊട്ടിത്തെറിയുണ്ടായി. നാലു യൂണിറ്റ് ഫയര്‍ഫോഴ്സ് വാഹനങ്ങളെത്തിയാണ് തീ പൂര്‍ണമായും നിയന്ത്രണ വിധേയമാക്കിയത്.
ഫയര്‍ഫോഴ്സിന്‍റെ സമയോചിതമായ ഇടപെടല്‍ കാരണമാണ് വലിയ അപകടം ഒഴിവായത്. അടുത്തടുത്ത് വീടുകളുണ്ടായിരുന്നതിനാല്‍ തീ ആളി പടര്‍ന്നിരുന്നു. മൂന്നു വീടുകള്‍ പൂര്‍ണമായും കത്തി നശിച്ചു. വീടുകളിലുണ്ടായിരുന്നവരെ കോര്‍പറേഷന്‍റെ പകല്‍ വീടുകളിലേക്ക് മാറ്റി. ഇവര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ചെയ്തു നല്‍കുമെന്നു കലക്ടര്‍ അറിയിച്ചു.