ജീവനൊടുക്കിയ ആർഎസ്എസ് പ്രാദേശിക നേതാവ് ആനന്ദ് കെ തമ്പിയുടെ മരണത്തിൽ രാഷ്ട്രീയ പോര് മുറുകുന്നു. രണ്ടാം ദിനവും സിപിഎം നേതാക്കൾക്കൊപ്പം ആനന്ദിന്റെ വീട്ടിലെത്തിയ വി ശിവൻകുട്ടി, ബിജെപി- ആർഎസ്എസ് ഭീഷണി കാരണം ഒട്ടേറെ പേർക്ക് ജീവനൊടുക്കേണ്ടി വരുന്നുവെന്ന് കുറ്റപ്പെടുത്തി. ശവംതീനി കഴുകന്മാരുടെ സ്വഭാവമാണ് മന്ത്രിക്ക് എന്നായിരുന്നു ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എസ് സുരേഷിന്റെ മറുപടി.
ആനന്ദ് കെ തമ്പിയുടെ മരണം കോർപറേഷൻ തിരഞ്ഞെടുപ്പിൽ രാഷ്ട്രീയ ആയുധമാക്കുകയാണ് സിപിഎം. രാവിലെ മന്ത്രി വി ശിവൻകുട്ടി, കടകംപള്ളി സുരേന്ദ്രൻ എംഎൽഎ, പാർട്ടി ജില്ലാ സെക്രട്ടറി വി ജോയ് എന്നിവർ ആനന്ദിൻ്റെ തൃക്കണ്ണാപുരത്തെ വീട്ടിലെത്തി. കുടുംബാംഗങ്ങളെ കണ്ടു. തുടർന്ന് മൂന്ന് നേതാക്കളും ചേർന്ന് നടത്തിയ വാർത്താ സമ്മേളനത്തിലും ആർഎസിനും ബിജെപിക്കും എതിരെ രൂക്ഷ വിമർശനം ആവർത്തിച്ചു.
മരിച്ചവരോട് പോലും കരുണ കാണിക്കാത്ത പാർട്ടിയായി ബിജെപിയും ആർഎസ്എസും മാറിയെന്ന് വിമർശിച്ചു. എന്നാൽ സിപിഎം നേതാക്കൾ ആനന്ദിൻ്റെ വീട്ടിൽ പോയത് രാഷ്ട്രീയ മുതലെടുപ്പിന്നെന്ന് ബിജെപി ആരോപിക്കുന്നു. ആനന്ദിന് ബിജെപിയുമായി ബന്ധമില്ലെന്നും നേതാക്കൾ ആവർത്തിക്കുന്നു. ഇതിനിടെ ആനന്ദിൻ്റെ മരണത്തിൽ പൊലീസ് ആത്മഹത്യാ കുറിപ്പിൽ പേര് പരാമർശിക്കുന്ന ബിജെപി നേതാക്കളെ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങി. ആനന്ദിന്റെ വീട്ടുകാരുടെ മൊഴിയും രേഖപ്പെടുത്തും. നിലവിൽ അസ്വാഭാവിക മരണത്തിനാണ് പൂജപ്പുര പൊലീസ് കേസെടുത്തിരിക്കുന്നത്.