കണ്ണൂരിൽ ബി.എൽ.ഒ അനീഷ് ജോർജ് ആത്മഹത്യ ചെയ്തതിൽ ജോലി സംബന്ധമായ ആശങ്കയ്ക്കൊപ്പം പ്രാദേശിക രാഷ്ട്രീയ നേതാക്കളുടെയും സമ്മർദമുണ്ടായെന്ന് റിപ്പോർട്ട്. വീടുകളിലേക്ക് എന്യൂമറേഷൻ ഫോമുമായി പോകുന്നതിന് മൂന്ന് പ്രധാന മുന്നണികളുടെയും നേതാക്കൾ അനീഷിനെ സമ്മർദത്തിലാക്കിയിരുന്നു. രാഷ്ട്രീയ പാർട്ടി പ്രതിനിധികളെ വിശ്വാസത്തിലെടുത്ത് മാത്രമേ വീട് കയറാവൂ എന്നതായിരുന്നു നിർദേശം. പ്രതികരിച്ചാൽ കൂടുതൽ ബുദ്ധിമുണ്ടാകുമെന്ന ആശങ്ക അനീഷ് സഹപ്രവർത്തകരോട് പങ്കുവച്ചിരുന്നു.
രാഷ്ട്രീയ സമ്മർദത്തിനൊപ്പം തിരഞ്ഞെടുപ്പ് കമ്മിഷൻ നിശ്ചയിച്ചിരിക്കുന്ന സമയത്ത് ജോലികൾ പൂർത്തിയാക്കാൻ കഴിയില്ലെന്ന ചിന്തയും ജീവനൊടുക്കാൻ കാരണമായെന്നാണ് കണ്ണൂർ ജില്ലാ കലക്ടർ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർക്ക് നൽകിയ റിപ്പോർട്ടിലുള്ളത്. ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും അനീഷിന് യാതൊരു സമ്മർദവുമുണ്ടായിട്ടില്ലെന്നും റിപ്പോർട്ടിലുണ്ട്. നാളെ വൈകുന്നേരത്തിന് മുൻപായി അന്തിമ റിപ്പോർട്ട് നൽകാൻ ഡോ.രത്തൻ യു. കേൽക്കർ കലക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ബി.എൽ.ഒ മാർക്ക് പ്രതിസന്ധിയുണ്ടെന്ന് ശ്രദ്ധയിൽപ്പെട്ടാൽ മുതിർന്ന ഉദ്യോഗസ്ഥർ ഇടപെട്ട് അടിയന്തര പ്രശ്ന പരിഹാരം കാണണം. ബി.എൽ.ഒ മാർക്ക് എന്യൂമറേഷൻ ഫോം വിതരണമല്ലാതെ മറ്റ് ചുമതലകൾ ഇല്ലെന്ന കാര്യം ഉറപ്പ് വരുത്തണമെന്നും കലക്ടർമാരോട് സി.ഇ.ഒ വീണ്ടും ആവശ്യപ്പെട്ടിട്ടുണ്ട്.