അരൂര്‍ ഉയരപ്പാത ഗര്‍ഡര്‍ അപകടത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍മാണം നടക്കുമ്പോള്‍ ഗതാഗതം നിയന്ത്രിക്കുമെന്ന് കലക്ടര്‍.  സുരക്ഷാ ഓഡിറ്റ് നാളെ തുടങ്ങും.  ഗര്‍ഡര്‍ സ്ഥാപിക്കുമ്പോള്‍ മുന്നറിയിപ്പ് നല്‍കുമെന്നും ബാരിക്കേഡ് വച്ച് ഗതാഗതം നിയന്ത്രിക്കുമെന്നും കലക്ടര്‍ വ്യക്തമാക്കി

Also Read: അരൂര്‍ ഉയരപ്പാതാ നിര്‍മാണത്തില്‍ സുരക്ഷ പാലിച്ചിട്ടില്ലെന്ന് വിദഗ്ധസമിതി

ആലപ്പുഴ അരൂർ ഉയരപ്പാത നിർമാണ മേഖലയിലെ ഗർഡർ അപകടത്തില്‍ യുവാവ് മരിച്ചതിന് പിന്നാലെയാണ് സുപ്രധാന ഓഡിറ്റിന് ദേശീയപാത അതോറിറ്റി നിര്‍ദേശം നല്‍കിയത്. അടിയന്തര സുരക്ഷ ഓഡിറ്റിന് സർക്കാർ കമ്പനിയായ റൈറ്റ്‌സ് ലിമിറ്റഡിനെ ചുമതലപ്പെടുത്തി. ചട്ടങ്ങള്‍ പാലിക്കുന്നില്ലെന്ന് കണ്ടെത്തിയാല്‍ കരാര്‍ കമ്പനിക്ക് കുരുക്ക് വീഴും

ഉയരപ്പാതയുടെ നിര്‍മാണം മാനദണ്ഡങ്ങള്‍ പാലിക്കാതെയാണെന്ന് രാജേഷിന്റെ മരണത്തിന് പിന്നാലെ സ്ഥലം സന്ദര്‍ശിച്ച വിദഗ്ധ സംഘം വിലയിരുത്തിയിരുന്നു. ഇതോടെയാണ് സുപ്രധാന ഓഡിറ്റിന് ദേശീയ പാത അതോറിറ്റി തയാറായത്. തൊഴിലാളികളുടെയും ജനങ്ങളുടെയും സുരക്ഷ ഉറപ്പാക്കിയാണോ നിർമാണം എന്നാണ് പ്രധാനമായും പരിശോധിക്കുക. നിര്‍മാണത്തിന്റെ തുടക്കം മുതല്‍ തന്നെ അശാസ്ത്രീയ നിര്‍മാണം ചൂണ്ടിക്കാട്ടി നാട്ടുകാര്‍ രംഗത്ത് വന്നിരുന്നു. 

എന്നാല്‍ ഹൈക്കോടതി ഇടപെടലുകളുള്‍പ്പെടെ ഉണ്ടായിട്ടും കാര്യമായ നടപടി സ്വീകരിക്കാന്‍ ദേശീയപാത അതോറിറ്റിയോ കരാര്‍ കമ്പനിയോ തയാറായിരുന്നില്ല. ഓഡിറ്റിങ്ങില്‍ ചട്ടലംഘനം കണ്ടെത്തിയാല്‍ കരാര്‍ പിന്‍വലിക്കാനും സാധ്യതയുണ്ട്. മൂന്നുവര്‍ഷമായിരുന്നു നിര്‍മാണം പൂര്‍ത്തിയാക്കാനുള്ള കാലാവധി. എന്നാല്‍ നിര്‍മാണവും ഇഴഞ്ഞുനീങ്ങുകയാണ്. ഉയരപ്പാത നിർമാണ മേഖലയിലെ മറ്റു സ്ഥലങ്ങളിലേക്കും ഓഡിറ്റ് വ്യാപിപ്പിക്കുമെന്ന് ദേശീയ പാത അതോറിറ്റി അറിയിച്ചു. 

ENGLISH SUMMARY:

Aroor Flyover construction faces traffic control measures following a safety audit. The audit was initiated after a fatal accident, ensuring stricter adherence to safety regulations and potentially leading to contract termination if violations are found.