TOPICS COVERED

ലോകപ്രസിദ്ധമായ കല്‍പാത്തി ദേവരഥസംഗമം ഇന്ന്. വിശാലാക്ഷി സമേതവിശ്വനാഥസ്വാമി ക്ഷേത്രത്തിന് സമീപം തേരുമുട്ടിയിലാണ് ഗ്രാമപ്രദക്ഷിണത്തിന് ശേഷം രഥങ്ങള്‍ സംഗമിക്കുക. സഹ്യനെ സാക്ഷിയാക്കി, നിളയോരത്തെ രാജപാരമ്പര്യം സാക്ഷിയാക്കി വേദമന്ത്രമുഖരിതമാം അഗ്രഹാരം സാക്ഷിയാക്കി രഥങ്ങള്‍ സംഗമിക്കും.

തഞ്ചാവൂരിലെ കാവേരി നദീതീരത്തുള്ള മായപുരം ഗ്രാമത്തില്‍  നിന്ന് നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് കുടിയേറിപ്പാര്‍ത്തവരാണ് കല്‍പ്പാത്തിക്കാരെന്നാണ് ചരിത്രം. രഥോല്‍സവത്തിന്റെ ഉല്‍പത്തിയെക്കുറിച്ച് പലതരം വിശ്വാസങ്ങളുണ്ടെങ്കിലും പൊതുവില്‍ അറിയുന്നത് ലക്ഷമിയമ്മാളുമായി ബന്ധപ്പെട്ട കഥയാണ്. മായപുരത്തുനിന്ന് ശിവഭജനത്തിനായി കാശിയിലെത്തിയ ലക്ഷമിയമ്മാളിന് സ്വപ്നത്തില്‍ ഒരു അരുളപ്പാടുണ്ടായെന്നും അവിടെനിന്നും ലഭിച്ച ബാണലിംഗം കൊണ്ടുവന്ന് പാലക്കാട്ടെ നിളയോരത്ത് പ്രതിഷ്ഠിച്ചു എന്നുമാണ് ഐതിഹ്യം. അന്നത്തെ പാലക്കാട്ട് രാജാവായിരുന്ന ഇട്ടിക്കോമ്പിയച്ഛന്‍ ഭൂമി ദാനമായി നല്‍കിയ ഭൂമിയില്‍ കാശിയിലെ വിശ്വനാഥക്ഷേത്രത്തിന് സമാനമായി  വിശാലാക്ഷി സമേത വിശ്വനാഥസ്വാമി ക്ഷേത്രം പണികഴിപ്പിച്ചു എന്ന് ചരിത്രസാക്ഷ്യം.

തുലാം അവസാനത്തോടെ  ധ്വജാരോഹണം തുടങ്ങി, വൃശ്ചികം ഒന്നിന് അവരോഹണം. അതാണ് രഥോല്‍വത്തിന്റെ കണക്ക്. നാല് ക്ഷേത്രങ്ങളിലായി കൊടിയേറ്റ്. രണ്ട് ദിവസങ്ങളിലായി പരിവാരസമേതനായ വിശ്വനാഥസ്വാമിയുടെയും മന്തക്കരഗണപതിയുടേയും തേരുകള്‍ പ്രായാണം നടത്തിക്കഴിഞ്ഞു. ഇന്ന് ലക്ഷമിനാരായണപെരുമാള്‍ ക്ഷേത്രത്തിലും, ചാത്തപുരം മഹാഗണപതി ക്ഷേത്രത്തിലും രഥാരോഹണത്തിന് ശേഷം ഒരുവര്‍ഷക്കാലം കാത്തിരുന്ന ദേവരഥസംഗമത്തിന്റെ നേരമാണ്. 

തേരുമുട്ടിയില്‍ മുഖാമുഖമെത്തി വൈകീട്ട് നടക്കുന്ന രഥസംഗമം കാണാന്‍ ജനം കുന്തിപ്പുഴപോല്‍  ഒഴുകിയെത്തും, ഹാരത്തില്‍ക്കൊരുത്ത പൂക്കള്‍പ്പോല്‍ ഒന്നായി അഗ്രഹാരത്തെരുവില്‍ നിരക്കും. പിന്നെ ഒരുമനസോടെ മനുഷ്യജന്മത്തിലെ മുഴുവന്‍ തെറ്റുക്കുറ്റങ്ങള്‍ക്കും മോക്ഷം തേടി രഥമുരുട്ടാന്‍ ഒന്നാവും. വിശേഷാല്‍ നാദസ്വരത്തോടെ പുഷ്പപല്ലക്കില്‍ ഗ്രാമപ്രദക്ഷിണം കഴിയുന്നതോടെ ഈ ബ്രഹ്മോല്‍സവത്തിന്റെ സുന്ദരക്കാഴ്ചകള്‍ സമാപിക്കും. 

ENGLISH SUMMARY:

Kalpathi Ratholsavam is a renowned temple festival celebrated in Palakkad, Kerala. This vibrant event showcases the rich cultural heritage and traditions of the region, drawing devotees and tourists alike to witness the grand procession and festivities.