കണ്ണൂർ ഏറ്റുകുടുക്കയിൽ ജീവനൊടുക്കിയ ബൂത്ത് ലെവൽ ഓഫീസർ അനീഷ് ജോർജിന്റെ സുഹൃത്ത് മാധ്യമങ്ങളോട്. എസ്.ഐ.ആർ ഫോം വിതരണത്തിൽ രാഷ്ട്രീയ പാർട്ടികളുമായി ബന്ധപ്പെട്ട് ചില സംസാരങ്ങളുണ്ടായിരുന്നതായി സുഹൃത്ത് ഷിജു പറഞ്ഞു. ശാന്ത സ്വഭാവക്കാരനാണ് അനീഷെന്നും ഒതുങ്ങി ജീവിക്കുന്നയാളാണെന്നും സുഹൃത്ത് പറയുന്നു. പയ്യന്നൂർ മണ്ഡലം പതിനെട്ടാം ബൂത്തിലെ ബി.എൽ.ഒ ആണ് മരിച്ച അനീഷ് ജോർജാണ്.
''എസ്.ഐ.ആർ ഫോം വിതരണത്തിന് കോൺഗ്രസ്, സിപിഎം ഏജന്റുമാർക്കൊപ്പം പോകാനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ നിശ്ചയിച്ച ദിവസം സിപിഎമ്മിന്റെ ഏജന്റ് വന്നില്ല. കോൺഗ്രസിന്‍റെ ബിഎൽഎയ്ക്കൊപ്പം വീടുകൾ കവർ ചെയ്യാൻ പോയപ്പോൾ ഒരു പാർട്ടികാരനെ കൂട്ടി പോകരുതെന്ന് പറഞ്ഞ് അനീഷിനെ വിളിച്ച് സംസാരമുണ്ടായി'' എന്നായിരുന്നു ഷിജു പറഞ്ഞത്.
സംഭവത്തിൽ കോൺഗ്രസിന്‍റെ ഏജന്റ് തഹസിൽദാർക്കും വില്ലേജ് ഓഫീസർക്കും പരാതി നൽകി. പ്രശ്നമായതിനാൽ ഒറ്റയ്ക്ക് പോകാം എന്ന് അനീഷ് തീരുമാനിച്ചു. എന്നാൽ അവസാന നിമിഷത്തിൽ ഫോം കൊടുത്ത് തീരാത്തതിന്റെ സമ്മർദ്ദം അനീഷിനുണ്ടായിരുന്നു എന്നും സുഹൃത്ത് ഷിജു പറഞ്ഞു. ''ഇന്നലെ വൈകുന്നേരം കണ്ടപ്പോഴും നാളെ കൊടുത്തുതീർക്കണം എന്നാണ് അനീഷ് പറഞ്ഞത്. ഇന്ന് രാവിലെ പളളിയിൽ പോകുമ്പോഴും അനീഷിനെ കണ്ടതാണ്. കുറച്ച് ഫോം കൊടുത്ത് തീർത്താനുണ്ടെന്ന് പറഞ്ഞ് പോയതാണ്. തിരിച്ചു വരുമ്പോഴാണ് ദാരുണമായ സംഭവം''.
രാവിലെയാണ് അനീഷിനെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുന്നത്. വീട്ടിലുള്ളവര്‍ പള്ളിയില്‍ പോയപ്പോഴായിരുന്നു സംഭവം. രാമന്തള്ളി സ്കൂളിലെ ജീവനക്കാരനാണ് അനീഷ്.