തിരുവിതാംകൂര്‍ ദേവസ്വം ബോർഡ് പ്രസിഡന്റായി മുൻ ചീഫ് സെക്രട്ടറി കെ ജയകുമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മെമ്പറായി മുൻമന്ത്രി അഡ്വക്കേറ്റ് കെ രാജുവും ചുമതലയേറ്റു. ദേവസ്വം ബോർഡ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ദേവസ്വം മന്ത്രി വി.എൻ വാസവൻ ഉൾപ്പെടെയുള്ള മന്ത്രിമാർ പങ്കെടുത്തു. ബോർഡിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ തിരിച്ചുപിടിക്കാൻ നടപടികൾ ഉണ്ടാകുമെന്നും പിടിമുറുക്കേണ്ടിടത്ത് പിടിമുറുക്കുമെന്നും കെ ജയകുമാർ പറഞ്ഞു.
സമാനതകളില്ലാത്ത പ്രതിസന്ധിയിലൂടെ തിരുവിതാംകൂർ ദേവസ്വം ബോർഡ് കടന്നുപോകുന്ന സാഹചര്യത്തിലാണ് മുൻ ചീഫ് സെക്രട്ടറി കെ ജയകുമാർ പ്രസിഡണ്ടായി അധികാരമേറ്റത്. ഏറ്റെടുത്ത ചുമതലയുടെ വെല്ലുവിളിയും പ്രതിസന്ധിയും തുറന്നു പറഞ്ഞായിരുന്നു അദ്ദേഹത്തിൻറെ മറുപടി പ്രസംഗം.
മെമ്പറായി മുൻമന്ത്രിയും സിപിഐ നേതാവുമായ അഡ്വക്കേറ്റ് കെ രാജു ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തു. ദേവസ്വം മന്ത്രി വി എൻ വാസവൻ, മന്ത്രിമാരായ വി ശിവൻകുട്ടി, ജി ആർ അനിൽ, സ്ഥാനമൊഴിഞ്ഞ ദേവസ്വം ബോർഡ് പ്രസിഡൻറ് പി എസ് പ്രശാന്ത് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. മണ്ഡലകാല പൂജകൾക്കായി ശബരിമല നട നാളെ വൈകിട്ട് തുറക്കും. ഇതിൽ പങ്കെടുക്കാൻ ജയകുമാർ നാളെ ശബരിമലയിൽ എത്തും. തന്ത്രി കണ്ഠർ മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺകുമാർ നമ്പൂതിരിയാണ് നട തുറക്കുക. നട തുറന്നതിനു ശേഷം പുതിയ മേൽശാന്തിയുടെ അഭിഷേകവും നടക്കും. ചാലക്കുടി സ്വദേശി ഇ ഡി പ്രസാദാണ് പുതിയമേൽശാന്തി.