തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഹൃദ്രോഗിക്ക് വീണ്ടും ചികില്‍‌സ നിഷേധിച്ചെന്ന് പരാതി. രോഗിയെ ബന്ധുക്കൾ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റി. ഗുരുതരാവസ്ഥയിലെത്തിച്ചിട്ടും ആശുപത്രിയിൽ തിരിഞ്ഞു നോക്കിയില്ലെന്നും ഇവിടെ ഇങ്ങനെയേ പറ്റൂ എന്ന് ജീവനക്കാർ പറഞ്ഞുവെന്നും രോഗിയും ബന്ധുക്കളും ആരോപിച്ചു.

കൊല്ലം കുണ്ടറ കുഴിമതിക്കാട് ലക്ഷ്മി സദനത്തിൽ രാമചന്ദ്രൻ പിള്ളയ്ക്കാണ് ദുരനുഭവം. മൂന്ന് ദിവസം മുൻപ് ഹൃദയസംബന്ധമായ അസുഖത്തിന് കൊല്ലം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന രാമചന്ദ്രൻ പിള്ളയെ മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്യുകയായിരുന്നു. ആൻജിയോപ്ലാസ്റ്റിയും മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയും നേരത്തെ നടത്തിയിട്ടുള്ളതിനാൽ കൂടുതൽ വിശദ പരിശോധനയ്ക്കും ചികില്‍‌സയ്ക്കുമായിട്ടാണ് റഫർ ചെയ്തത്.

രാമചന്ദ്രൻ പിള്ളയെ ഒന്നാം വാർഡിൽ അഡ്മിറ്റ് ചെയ്തെങ്കിലും രക്തപരിശോധനയല്ലാതെ മറ്റൊന്നും ചെയ്തില്ലെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. ഗുരുതരാവസ്ഥയിലായിരുന്ന രോഗിയ്ക്ക് ഒപ്പം മറ്റൊരു രോഗിയേയും കിടത്തി. ജീവൻ പോകുമെന്ന് ഭയന്ന ബന്ധുക്കൾ ഇന്നലെ രാത്രി എട്ടുമണിയോടെ ഇദ്ദേഹത്തെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റി. കൊല്ലം സ്വദേശിയും ഹൃദ്രോഗിയുമായിരുന്ന വേണു ചികില്‍‌സ കിട്ടാതെ കഴിഞ്ഞദിവസമാണ് മെഡിക്കൽ കോളജിൽ മരിച്ചത്. വൻ വിവാദം തുടരുന്നതിനിടെയാണ് ചികില്‍‌സാ നിഷേധമെന്ന പുതിയ പരാതി.

ENGLISH SUMMARY:

A new complaint of treatment denial has surfaced at Thiruvananthapuram Medical College, where heart patient Ramachandran Pillai from Kollam was allegedly ignored despite his serious condition. The patient, who previously underwent angioplasty and bone marrow transplant, was referred from Kollam District Hospital for specialized care. Relatives allege that only a blood test was done, and staff told them, "this is how it is here." Fearing for his life, the family shifted him to a private hospital in Kollam last night. This incident occurs days after another heart patient, Venu, died at the same hospital due to alleged lack of care, sparking major controversy.