തൃശൂര്‍ പാലുവായ് സെന്‍റ് ആന്‍റണീസ് യു.പി. സ്കൂളിലെ ബസ് ഡ്രൈവര്‍ കുട്ടികളുമായി പോകുന്നതിനിടെ കുഴഞ്ഞു വീണു. ശാരീരിക അസ്വാസ്ഥ്യം തോന്നിയ ഉടനെ ബസ് വഴിയരികില്‍ നിര്‍ത്തി. പിന്നാലെ, കുഴഞ്ഞു വീണു. നാട്ടുകാര്‍ ഉടനെ ആശുപത്രിയില്‍എത്തിച്ചെങ്കിലും മരിച്ചിരുന്നു.
കുട്ടികളോട് സൗമ്യമായി പെരുമാറിയിരുന്ന ഡ്രൈവര്‍ രാജന്‍ ഏറെ പ്രിയങ്കരനായിരുന്നു. ചക്കംകണ്ട സ്വദേശിയാണ്. അന്‍പത്തിയഞ്ചു വയസായിരുന്നു. മക്കളില്ലായിരുന്നു. കുട്ടികളെ ജീവനുതുല്യം സ്നേഹിച്ചിരുന്ന ഡ്രൈവറായിരുന്നു രാജന്‍. ബസ് യാത്രയ്ക്കിടെ മധുരവും ഐസ്ക്രീമും നല്‍കിയിരുന്ന പ്രിയപ്പെട്ട ഡ്രൈവര്‍.
ആശുപത്രിയില്‍ നിന്ന് മൃതദേഹം വീട്ടില്‍ എത്തിച്ചപ്പോള്‍ ഒരുനോക്കു കാണാന്‍ കുട്ടികളും എത്തി. കുട്ടികളെ സ്കൂളില്‍വിട്ട ശേഷം ഓട്ടോറിക്ഷ ഡ്രൈവറായി ജോലി നോക്കിയിരുന്നു. ഭാര്യ രമണി. അമ്മ: തങ്കമ്മ. ആറു വര്‍ഷമായി ഇതേസ്കൂളിലെ ഡ്രൈവറായിരുന്നു രാജന്‍.