TOPICS COVERED

തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ  പ്രസവത്തെ തുടർന്ന് അണുബാധയേറ്റ് യുവതി മരിച്ച കേസിൽ ആശുപത്രിക്ക് ക്ലീൻ ചിറ്റ് നല്കി അന്വേഷണ റിപ്പോർട്ട് . അണുബാധയെ ചെറുക്കാനുള്ള മാനദണ്ഡങ്ങളെല്ലാം ആശുപത്രി പാലിച്ചിരുന്നുവെന്ന് കണ്ടെത്തിയ  റിപ്പോർട്ട് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ്  ഡയറക്ടർക്ക് സമർപ്പിച്ചു. പിന്നെ അണുബാധ ഉണ്ടായത് എവിടെ നിന്നാണെന്ന് വ്യക്തമാക്കണമെന്ന് ശിവപ്രിയയുടെ കുടുംബ o പ്രതികരിച്ചു. 

കഴിഞ്ഞ ഞായറാഴ്ചയാണ് പ്രസവത്തെ തുടർന്ന് ചികിത്സയിലിരിക്കെ കരിക്കകം സ്വദേശിനി ശിവപ്രിയയുടെ മരണം. സ്റ്റഫൈലാകോക്കസ് ബാക്ടീരിയ മൂലമുണ്ടായ  അണുബാധ കടുത്താണ് യുവതി മരിച്ചതെന്ന് അന്വേഷണസംഘം സ്ഥിരീകരിച്ചു. എന്നാൽ   ലേബർ റൂമിലോ പ്രസവാനന്തര ശുശ്രൂഷ നൽകുന്ന ഇടങ്ങളിലോ അണുബാധ സാഹചര്യം ഇല്ലെന്നാണ് കണ്ടെത്തൽ . അണുബാധയെ  ചെറുക്കുന്നതിനുള്ള മാർഗനിർദ്ദേശങ്ങൾ  പാലിക്കപ്പെട്ടിട്ടുണ്ടെന്നും അന്വേഷണ സംഘം  കണ്ടെത്തി. ഈ ദിവസങ്ങളിൽ നൂറുകണക്കിന് പ്രസവങ്ങൾ നടന്നിട്ടുണ്ടെങ്കിലും ആർക്കും അണുബാധ ഏറ്റിട്ടില്ലെന്നും  ഡോക്ടർമാരുടെ വിദഗ്ധസമിതി വിലയിരുത്തി. ഒരാഴ്ച മുമ്പ് ലേബർ റൂമിൽ നിന്നും സാംപിൾ എടുത്ത് നടത്തിയ  അണുബാധ ടെസ്റ്റും  നെഗറ്റീവ് ആണ്. അതുകൊണ്ടുതന്നെ അണുബാധയേറ്റത് എവിടെ നിന്നാണെന്ന് വ്യക്തമല്ലെന്നാണ് റിപ്പോർട്ട്'. 

ആലപ്പുഴ മെഡിക്കൽ കോളജിലെ ഗൈനക്കോളജി വിഭാഗം മേധാവി ഡോ.സംഗീതയുടെ നേതൃത്വത്തിലുള്ള സംഘമാണ് റിപ്പോർട്ട് ഡിഎംഇയ്ക്ക്  കൈമാറിയത്. പ്രസവം  കഴിഞ്ഞ് 25 ന് ഡിസ്ചാർജായ യുവതി വീട്ടിൽ കഴിഞ്ഞത് ഒരു ദിവസം മാത്രമാണെന്നും 26ന് പനി ബാധിച്ചത് എങ്ങനെയെന്നും കുടുംബം ചോദ്യമുയർത്തുന്നു. നീതിക്കായി ഏതറ്റം വരെയും പോരാടുമെന്നും ശിവപ്രിയയുടെ കുടുംബം പ്രതികരിച്ചു. യുവതിയുടെ കുടുംബം കൈക്കുഞ്ഞുമായി പ്രതിഷേധിച്ചതോടെയാണ് SAT വിവാദത്തിലായത്. 

ENGLISH SUMMARY:

Hospital infection is a serious concern, especially after childbirth. An investigation into a death at SAT Hospital Thiruvananthapuram found no lapses in infection control protocols, leaving the source of the infection unclear and the family demanding further investigation.