'ഡൈനിങ് ഹാളിൽ ഒന്നും സംസാരിക്കാൻ പാടില്ല. ഞാൻ കസേരയില്‍ ഇരിക്കാൻ ചെന്നപ്പോൾ കാലെടുത്ത് വച്ചു. എനിക്ക് സങ്കടമായി, ഞാന്‍ കുറെ കരഞ്ഞു, അപ്പോഴെന്നെ തല്ലി,' ഹോസ്റ്റലിലെ ശാരീരികവും മാനസികവുമായ പീഡനങ്ങള്‍ കണ്ണീരോടെയല്ലാതെ ഏഴാം ക്ലാസുകാരി അനുശ്രീക്ക് പറയാനാവില്ല. കോട്ടയം വൈക്കം പുളിഞ്ചുവട്ടിലെ പട്ടികജാതി വികസനവകുപ്പിന്റെ പെൺകുട്ടികളുടെ പ്രീമെട്രിക് ഹോസ്റ്റലിനെതിരെയാണ് കുട്ടികളെ മർദിക്കുന്നതായും അവഹേളിക്കുന്നതായും പരാതി ഉയര്‍ന്നത്. താൽക്കാലിക ജീവനക്കാരായ ഹോസ്റ്റൽ വാർഡനും റസിഡന്റ് ട്യൂട്ടർക്കും എതിരെയാണ് രക്ഷിതാക്കളുടെ പരാതി.
ചൂരൽ പ്രയോഗവും അവഹേളനവും സഹിക്കാനാവാതെ ആറ് വിദ്യാർഥികളാണ് രണ്ട് മാസത്തിനിടെ ഹോസ്റ്റൽ വിട്ടത്. 'ഭയങ്കരമായി തല്ലും. വഴക്ക് പറയും, അതുകൊണ്ടാണ് ഞാൻ വീട്ടിലേക്ക് പോയത്. ഭക്ഷണം കുറച്ച് താഴെ വീണാല്‍ തല്ലും. അടി കൊണ്ട് കൈ തടിച്ചു വീര്‍ക്കും,' അനശ്രീക്കൊപ്പം ഹോസ്റ്റല്‍ വിട്ട മറ്റ് കുട്ടികള്‍ക്കും പറയാനുണ്ട് അനുഭവിച്ച വേദനകള്‍. ഒരു പ്ലസ് വൺ വിദ്യാർഥിനിയെ രാത്രി ഏഴിന് ഹോസ്റ്റലിൽ നിന്ന് ഇറക്കി വിട്ടതായും പരാതിയുണ്ട്.
അഞ്ചാം ക്ലാസ് മുതൽ പ്ലസ് ടു വരെയുള്ള 25 ലധികം വിദ്യാർഥിനികൾ ഉണ്ടായിരുന്നു ഹോസ്റ്റലിൽ. ഈ വർഷം പതിനാറ് പേരാണ് ചേരാന്‍ എത്തിയത്. രക്ഷിതാക്കളുടെ പരാതി പട്ടികജാതി വികസന വകുപ്പ് ജില്ലാ ഓഫിസറെ വിവരം അറിയിച്ചു.