ശബരിമല സ്വര്‍ണക്കൊള്ളയില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്‍റ് എ.പത്മകുമാറിന്‍റെ അറസ്റ്റിന് സാധ്യത. ഉടന്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് വീണ്ടും അന്വേഷണസംഘം നിര്‍ദേശം നല്‍കി. മുന്‍കൂര്‍ജാമ്യാപേക്ഷ കോടതി തള്ളിയതോടെ ദേവസ്വം ബോര്‍ഡ് മുന്‍ സെക്രട്ടറി ജയശ്രീയുടെ അറസ്റ്റിനും കളമൊരുങ്ങി. അതിനിടെ സന്നിധാനത്തെ പരിശോധനകള്‍ക്ക് എസ്‌ഐടി തന്ത്രിയുടെ അനുമതി തേടി.
എന്‍.വാസുവിനെ പിന്നാലെ എ.പത്മകുമാര്‍. സര്‍ക്കാരിന്‍റെയും സി.പി.എമ്മിന്‍റെയും പ്രമുഖര്‍ ഒന്നൊന്നായി കുരുക്കിലേക്ക് നീങ്ങുകയാണ്. രണ്ട് തവണ നോട്ടീസ് നല്‍കിയിട്ടും ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്ന പത്മകുമാറിനെ ഇന്ന് അന്വേഷണസംഘം ഫോണില്‍ വിളിച്ചു. ഉടന്‍ ഹാജരായില്ലങ്കില്‍ കടുത്ത നടപടിയിലേക്ക് കടക്കേണ്ടിവരുമെന്ന മുന്നറിയിപ്പ് നല്‍കി. പത്മകുമാറിന്‍റെ പ്രതികരണം നോക്കിയ ശേഷം നേരിട്ടെത്തി കസ്റ്റഡിയിലെടുക്കാനും എസ്.ഐ.ടി ആലോചിക്കുന്നുണ്ട്. ഹാജരായാല്‍ അറസ്റ്റിലേക്ക് പോയേക്കും. കാരണം സ്വര്‍ണത്തെ ചെമ്പാക്കിയതില്‍ വാസുവിന് സമാനമായ പങ്ക് പത്മകുമാറിനുമെന്നാണ് അന്വേഷണസംഘത്തിന്‍റെ വിലയിരുത്തല്‍.
പത്മകുമാറിനൊപ്പം മുന്‍ ദേവസ്വം സെക്രട്ടറി ജയശ്രീയുടെ അറസ്റ്റിനും കളമൊരുങ്ങി. ശാരീരിക ബുദ്ധിമുട്ട് ചൂണ്ടിക്കാണിച്ച് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ പത്തനംതിട്ട കോടതി തള്ളി. ഇതോടെ അറസ്റ്റിനാണ് എസ്.ഐ.ടിയുടെ തീരുമാനം. അതിനിടെ സന്നിധാനത്ത് ദ്വാരപാലക ശില്‍പ്പപാളികളിലടക്കം ശാസ്ത്രീയ പരിശോധന ഉടന്‍ നടത്തും. ഹൈക്കോടതി നിര്‍ദേശ പ്രകാരമുള്ള പരിശോധനക്ക് ദേവസ്വം ബോര്‍ഡ് വഴി എസ്.ഐ.ടി തന്ത്രിയുടെ അനുമതി തേടി. മോഷണം പോയ സ്വര്‍ണത്തിന്‍റെ അളവില്‍ വ്യക്തത വരുത്താനാണിത്. മണ്ഡലകാലം തുടങ്ങുന്നതിന് മുന്‍പ് പരിശോധന പൂര്‍ത്തിയാക്കാനാണ് ഹൈക്കോടതി നിര്‍ദേശം.