ആലപ്പുഴ അരൂര്‍– തുറവൂര്‍ ഉയരപ്പാത നിര്‍മാണത്തിനിടെ ഗര്‍ഡറുകള്‍ പിക്കപ്പ് വാനിന് മുകളിലേക്ക് പതിച്ചിട്ട് മൂന്ന് മണിക്കൂര്‍ പിന്നിടുന്നു. വാഹനം ഓടിച്ചിരുന്ന പള്ളിപ്പാട് സ്വദേശി രാജേഷിനെ ഇതുവരെ പുറത്തെടുക്കാനായിട്ടില്ല. രാജേഷിന് ജീവനുള്ളതായിട്ട് സൂചനയില്ല. പുറത്തെടുത്താലേ വ്യക്തത വരൂ. ഗര്‍ഡര്‍ ഉയര്‍ത്തി മാറ്റിയാലേ വേറെ ആരെങ്കിലും കൂടി വാഹനത്തിനുള്ളിലുണ്ടോ എന്ന് അറിയാന്‍ സാധിക്കുകയുള്ളൂ.
ഗര്‍ഡര്‍ ഉയര്‍ത്തുന്ന സമയത്ത് തന്നെ അടിയില്‍ കൂടി വാഹനങ്ങള്‍ കടത്തിവിട്ടുവെന്ന് ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥര്‍ പറയുന്നു. അങ്ങനെയെങ്കില്‍ ഉയരപാത നിര്‍മാണത്തിനിടയ്ക്ക് വന്‍ വീഴ്ചയാണ് സംഭവിച്ചിരിക്കുന്നത്. നിര്‍മാണ മേഖലയില്‍ അപകടങ്ങള്‍ നടക്കാറുണ്ടെങ്കിലും ഇത്ര ഭീകരമായ അപകടം ആദ്യമായാണ് സംഭവിക്കുന്നത്.
എന്‍പത് ടണ്‍ ഭാരമുള്ള രണ്ട് ഗര്‍ഡറുകളാണ് നിലംപതിച്ചത്. പുതിയ ഗര്‍ഡറുകള്‍ സ്ഥാപിക്കുന്നതിനിടെ നേരത്തെ സ്ഥാപിച്ച രണ്ടെണ്ണം താഴേക്ക് വീഴുകയായിരുന്നു. 12.75 കിലോമീറ്റര്‍ ഉയരപ്പാത നിര്‍മാണത്തിന്റെ എഴുപത് ശതമാനവും പൂര്‍ത്തിയായിട്ടുണ്ട്. ഗര്‍ഡറുകള്‍ ജാക്കിയില്‍ നിന്നും തെന്നിയാണ് ഗര്‍ഡറുകള്‍ നിലംപതിച്ചത്. എറണാകുളത്തു നിന്നും പത്തനംതിട്ടയിലേക്ക് മുട്ടയുമായി പോകുകയായിരുന്ന പിക്കപ്പ് വാനിനു മുകളിലേക്കാണ് ഗര്‍ഡറുകള്‍ വീണത്. ക്രയിനുപയോഗിച്ച് ഗര്‍ഡറുകള്‍ നീക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.