സുരക്ഷിത ഇടമെന്ന് കരുതി തിരുവനന്തപുരം മ്യൂസിയം വളപ്പില്‍ പ്രഭാത സവാരിക്കിറങ്ങിയ അഞ്ചുപേരെ തെരുവുനായ ആക്രമിച്ചു. പരുക്കേറ്റവര്‍ ജനറല്‍ ആശുപത്രിയില്‍ ചികില്‍സ തേടി. നേരത്തെയും നിരവധിതവണ ആക്രമണമുണ്ടായിട്ടും മ്യൂസിയം പരിസരത്ത് നിന്നും നായ്ക്കളെ തുരത്താന്‍ നടപടിയില്ലെന്നാണ് ആക്ഷേപം.
നഗരത്തില്‍ രാവിലെയും വൈകിട്ടും വ്യായാമത്തിനായി കൂടുതലാളുകള്‍ എത്തുന്നയിടം. വാഹനത്തിരക്ക് ഒഴിവാക്കി സുരക്ഷിതമായി നടന്ന് ആരോഗ്യ സുരക്ഷ ഉറപ്പിക്കാമെന്ന് കരുതിയാണ് പലരും മ്യൂസിയം വളപ്പ് തെരഞ്ഞെടുക്കുന്നത്. അവിടെയാണ് അലോസരമുണ്ടാക്കി തെരുവു നായ്ക്കളുടെ സാന്നിധ്യം. നടന്ന് നീങ്ങുന്നവര്‍ക്ക് പിന്നിലൂടെയെത്തി ആക്രമണം. അഞ്ചുപേരെയും കടിച്ചത് ഒരേ നായ. കാലിന് പിന്‍ഭാഗത്ത് പരുക്കേറ്റവര്‍ ജനറല്‍ ആശുപത്രിയില്‍ ചികില്‍സ തേടി.
വ്യത്യസ്ത ഘട്ടങ്ങളിലായി നിരവധിതവണ മ്യൂസിയം വളപ്പില്‍ തെരുവ് നായ്ക്കളുടെ ആക്രമണമുണ്ടായിട്ടുണ്ട്. പ്രതിരോധ നടപടികള്‍ പേരിന് മാത്രമെന്നാണ് ആക്ഷേപം. മ്യൂസിയം വളപ്പിലെ തെരുവ് നായ്ക്കളെ ഇടവേളകളില്‍ പിടികൂടി വന്ധ്യം കരിച്ചതാണെന്നും അവശേഷിക്കുന്നവയെ സുരക്ഷിത ഇടത്തേക്ക് മാറ്റുമെന്നും കോര്‍പറേഷന്‍ വിശദീകരണം.