കൊച്ചി തമ്മനത്ത് കുടിവെള്ള ടാങ്ക് തകർന്നതിനെ തുടർന്ന് നിർത്തേണ്ടി വന്ന പമ്പിങ് നാളെ വൈകിട്ടോ മറ്റന്നാളോ മാത്രമേ പുനരാരംഭിക്കൂവെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. വെള്ളം എത്താത്തിടത്തേക്ക് ടാങ്കർ ലോറികളിൽ വെള്ളം എത്തിക്കും. അപകടത്തിൽ പന്ത്രണ്ടര ലക്ഷത്തോളം രൂപയുടെ നാശനഷ്ടമാണ് പ്രാഥമികമായി കണക്കാക്കുന്നത്
ഒരു കോടി 38 ലക്ഷം ലിറ്റർ സംഭരണശേഷിയുള്ള ടാങ്കിൻ്റെ രണ്ട് കമ്പാർട്ടുമെന്റുകളിൽ ഒരെണ്ണമാണ് തകർന്നത്. രണ്ടാം കമ്പാർട്ട്മെന്റിൻ്റെ ഉറപ്പ് പരിശോധിച്ച ശേഷം അതിൽ വെള്ളം നിറച്ച് പമ്പിങ് പുനരാരംഭിക്കാനാണ് തീരുമാനം.
ദിവസേന രണ്ടു മണിക്കൂർ വീതം മൂന്നുതവണയാണ് പമ്പിങ് നടത്തുക. വെള്ളം എത്താത്തിടത്തേക്ക് ടാങ്കറിൽ വിതരണം ചെയ്യും. കുടിവെള്ള ടാങ്കിന്റെ തകർന്ന ഭാഗം പുനർനിർമിച്ച് പഴയതുപോലെ പമ്പിങ് പുനരാരംഭിക്കുന്നത് വരെ ഈ രീതി തുടരും. പ്രദേശത്ത് മന്ത്രി പി.രാജീവ്, കൊച്ചി മേയർ എം.അനിൽകുമാർ, എംഎൽഎമാരായ ഉമ തോമസ്, ടി.ജെ.വിനോദ്, ജില്ലാ കലക്ടർ ജി.പ്രിയങ്ക എന്നിവർ സന്ദർശനം നടത്തി. അപകടത്തിൽ പന്ത്രണ്ടര ലക്ഷത്തോളം രൂപയുടെ നാശനഷ്ടം ഉണ്ടായെന്ന പ്രാഥമിക കണക്ക് ജില്ലാ കലക്ടർ ജലവിഭവ വകുപ്പ് മന്ത്രിക്ക് സമർപ്പിച്ചു. നഷ്ടപരിഹാരത്തിന്റെ കാര്യത്തിൽ ഉടൻ നടപടി ഉണ്ടാകുമെന്ന് മന്ത്രി അറിയിച്ചു