എറണാകുളം തമ്മനത്ത് കുടിവെള്ള സംഭരണി തകര്‍ന്നുണ്ടായ അപകടത്തില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്ന് ജില്ലാ കലക്ടര്‍ ജി.പ്രിയങ്ക. സംഭവത്തില്‍ മന്ത്രി റോഷി അഗസ്റ്റിന്‍ ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്. നഷ്ടപരിഹാരം സംബന്ധിച്ച് യോഗത്തില്‍ തീരുമാനിക്കുമെന്നും കുടിവെള്ള വിതരണത്തിന് പ്രശ്നപരിഹാരമാകുന്നത് വരെ പകരം സംവിധാനം ഒരുക്കാന്‍ ആലോചനയെന്നും അവര്‍ വ്യക്തമാക്കി.
പുലര്‍ച്ചെ മൂന്നരയോടെയാണ് വാട്ടര്‍ അതോറിറ്റിയുടെ തമ്മനത്തെ ജലസംഭരണി തകര്‍ന്നത്. അപകട സമയം 1.15 കോടി ലീറ്റര്‍ വെള്ളം സംഭരണിയില്‍ ഉണ്ടായിരുന്നു. രണ്ട് ക്യാബിനുകളില്‍ ഒന്നിന്‍റെ പാളിയാണ് അടര്‍ന്നത്. നിരവധി വീടുകളില്‍ വെള്ളം കയറി. മതിലുകള്‍ തകര്‍ന്നു. വാഹനങ്ങള്‍ ഒലിച്ചുപോയും നാശനഷ്ടമുണ്ടായിട്ടുണ്ട്. ടാങ്കിന് ഓവര്‍ഫ്ലോ ഉണ്ടായിരുന്നുവെന്നും കാലപ്പഴക്കം ഗൗനിക്കാതിരുന്നതാണ് അപകടമുണ്ടാക്കിയതെന്നും ഉമാ തോമസ് എംഎല്‍എ പ്രതികരിച്ചു. വാട്ടര്‍ അതോറിറ്റിയാണ് മറുപടി പറയേണ്ടതെന്നും പകരം സംവിധാനം പരമാവധി വേഗത്തിലാക്കുമെന്നും മേയര്‍ അനില്‍കുമാറും പറഞ്ഞു. അതിനിടെ, ജലസംഭരണി തകർന്നതോടെ തമ്മനത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ പ്രവർത്തനവും താളം തെറ്റി. മരുന്നുകൾ ഉൾപ്പെടെ നശിച്ചു. പ്രവർത്തനം പൂർവ്വ സ്ഥിതിയിലാകാൻ സമയമെടുക്കും. കൊച്ചി നഗരത്തിലും പേട്ടയിലും ഭാഗികമായും തൃപ്പൂണിത്തുറയില്‍ പൂര്‍ണമായും കുടിവെള്ള വിതരണം തടസപ്പെടുമെന്നാണ് റിപ്പോര്‍ട്ട്.