സഞ്ചാരികളെ ഇതിലേ വരൂ എന്ന് നിരന്തരം സ്വാഗതം ചെയ്യുന്ന വിനോദസഞ്ചാരവകുപ്പിന് കോവളത്തെ തെുവുനായശല്യം പരിഹരിക്കാനാവുന്നില്ല. പൊതുഇടങ്ങളില്‍ നിന്നും തെരുവു നായ്ക്കളെ തുരത്തണമെന്ന സുപ്രീം കോടതി ഉത്തരവുണ്ടായി മണിക്കൂറുകള്‍ക്കുള്ളിലാണ് കോവളത്ത് വിദേശ വനിതയ്ക്ക് തെരുവ് നായയുടെ കടിയേറ്റത്. ബീച്ചില്‍ വിശ്രമിക്കുന്നവരുടെ അടുത്തേക്ക് നായ ഓടി അടുക്കുമ്പോള്‍ കടിയേല്‍ക്കാതെ രക്ഷപ്പെടുന്നത് ശ്രമകരമായിരിക്കും.
കാഴ്ച കാണാനെത്തുന്നവര്‍ക്ക് കടിയേല്‍ക്കുന്നത് എത്ര ദൈന്യതയാണ്. പാഞ്ഞടുക്കുന്ന നായ്ക്കളെ തുരത്താന്‍ വിദേശികള്‍ തന്നെ അഭ്യാസം നടത്തേണ്ട സ്ഥിതി. വെയില്‍കായുന്നവരുടെ സമീപത്തുണ്ട് നായ്ക്കളുടെ നിര. അല്ലെങ്കില്‍ കിടക്കയുടെ അടിയില്‍ ഉറക്കം. സഞ്ചാരികള്‍ക്കും അവരെ രക്ഷിക്കാന്‍ നിയോഗിച്ചിട്ടുള്ള ലൈഫ് ഗാര്‍ഡുമാര്‍ക്കും തെരുവുനായ പേടി നീങ്ങുന്നില്ല.
ഗൗരവമറിയാതെ തെരുവുനായ്ക്കളെ അടുത്തേക്ക് എത്തിച്ച് താലോലിക്കുന്ന കാഴ്ചയുമുണ്ട്. ഏത് സമയത്തും ആക്രമണസാധ്യതയുണ്ടെന്നറിയാതെ. കഴിഞ്ഞദിവസമാണ് ലൈറ്റ് ഹൗസ് ബീച്ചില്‍ വെയില്‍ കായുകയായിരുന്ന വിദേശ വിനോദസഞ്ചാരി പൗളിന് തെരുവുനായയുടെ കടിയേറ്റത്. ആക്രമണമുണ്ടായി രണ്ടാംദിനത്തിലും അലഞ്ഞ് തിരിയുന്ന നായ്ക്കളെ പിടികൂടാന്‍ ഒരാളും ബീച്ചിലേക്ക് എത്തിയിട്ടില്ല. കോവളത്ത് തെരുവുനായ ആക്രമണത്തില്‍ പരുക്കെന്ന വാര്‍ത്ത വിദേശ സഞ്ചാരികളിലുണ്ടാക്കുന്ന അതൃപ്തിയെങ്കിലും കണക്കിലെടുത്ത് ഇടപെടാന്‍ കോര്‍പ്പറേഷനും മനസുണ്ടാവണം.