തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സ കിട്ടാതെ ഹൃദ്രോഗിയായ വേണു മരിച്ചെന്ന പരാതിയിൽ ഡോക്ടര്‍മാര്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിനെതിരെ വേണുവിന്റെ ഭാര്യ. വിദഗ്ധചികില്‍സ നല്‍കിയെങ്കില്‍ വേണു മരിച്ചതെങ്ങനെയെന്ന് സിന്ധു. ഹൃദയാഘാതമുണ്ടാനുള്ള മരുന്നാണോ കൊടുത്തത്? ഡോക്ടര്‍മാരെ രക്ഷിക്കാന്‍ ശ്രമിച്ചിട്ട് കാര്യമില്ല. നിയമപരമായി മുന്നോട്ടുപോകുമെന്നും സിന്ധു മനോരമ ന്യൂസിനോട് പറഞ്ഞു.
പ്രോട്ടോകോൾ അനുസരിച്ചുള്ള ചികിത്സ നൽകിയെന്നാണ് റിപ്പോര്‍ട്ടില്‍ അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. രേഖകളും ഡോക്ടർമാർ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രാഥമിക നിഗമനം. ഹൃദയാഘാതം സംഭവിച്ച് 24 മണിക്കൂർ കഴിഞ്ഞാണ് രോഗിയെ മെഡിക്കൽ കോളജിൽ എത്തിച്ചതെന്ന് തെളിയിക്കുന്ന രേഖകൾ ഡോക്ടർമാർ അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്. 24 മണിക്കൂറിനുള്ളിൽ എത്തിച്ചാൽ മാത്രമേ ശസ്ത്രക്രിയ സാധ്യമാകൂ എന്നും ചികിൽസിച്ച ഡോക്ടർമാരുടെ മൊഴിയിലുണ്ട്.
എന്നാൽ ചികിത്സാ കാര്യങ്ങൾ യഥാസമയം ബന്ധുക്കളെ അറിയിക്കുന്നതിൽ വീഴ്ച ഉണ്ടായോ എന്ന് പരിശോധിക്കും. വേണു ഓഡിയോ സന്ദേശം അയക്കാൻ ഇടയായ സാഹചര്യം എന്താണെന്നും അന്വേഷിക്കും. വേണുവിന്റെ കൂട്ടിരിപ്പുകാരിൽ നിന്ന് കൂടി വിവരം തേടും. അന്തിമ റിപ്പോർട്ട് നാളെ ആരോഗ്യ മന്ത്രിക്ക് സമർപ്പിക്കും.
അതേസമയം, കേരളത്തിൽ ആരോഗ്യരംഗത്ത് സിസ്റ്റ്റ്റം തകർത്തത് ആരോഗ്യ മന്ത്രിയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. സിസ്റ്റം നിരന്തരം തകരുകയാണെങ്കിൽ മന്ത്രി രാജിവച്ചു പോകണം. കേരളത്തിൽ ആരോഗ്യ രംഗം വെൻ്റിലേറ്ററിൽ ആണ്. തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഹൃദ്രോഗി ചികിത്സ കിട്ടാതെ മരിച്ചതിൽ ഡോക്ടർമാരുടേത് ന്യായീകരണം മാത്രമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.