സിപിഎം ഭരണസമിതി 100 കോടി രൂപയുടെ ക്രമക്കേട് നടത്തിയെന്ന പരാതിയില്‍ തിരുവനന്തപുരം നേമം സർവീസ് സഹകരണ ബാങ്കിൽ ഇ.ഡി റെയ്ഡ്. കൊച്ചിയിൽ നിന്നുള്ള ഇ.ഡി സംഘമാണ് പരിശോധന നടത്തുന്നത്. ജീവനക്കാരും ഭരണസമിതിയും ചേർന്ന് പണം തട്ടിയെന്നായിരുന്നു കണ്ടെത്തല്‍. 250ലേറെ നിക്ഷേപകരുടെ പണമാണ് നഷ്ടമായത്. ക്രമക്കേട് തെളിഞ്ഞതിനെ തുടര്‍ന്ന് അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏര്‍പ്പെടുത്തിയിരുന്നു.
നിക്ഷേപം അമിതമായി ലഭിക്കാന്‍ സ്ഥിരനിക്ഷേപത്തിന് അധിക പലിശ നല്‍കുകയും വേണ്ടപ്പെട്ടവര്‍ക്ക് രേഖകളില്ലാതെ വായ്പ അനുവദിക്കുകയും ചെയ്തതാണ് വലിയ ബാധ്യതയുണ്ടാക്കിയതെന്നാണ് വിലയിരുത്തല്‍. 34.26 കോടി രൂപ ലോണ്‍ നല്‍കിയ ഇനത്തില്‍ ബാങ്കിലേക്ക് തിരിച്ചടവ് കിട്ടാനുണ്ടെങ്കിലും 15.55 കോടി രൂപയ്ക്ക് മാത്രമേ ഈടായി രേഖയുളളൂവെന്നാണ് സര്‍ക്കാര്‍ സമിതി കണ്ടെത്തിയത്. പ്രതിമാസ നിക്ഷേപ പദ്ധതിയിനത്തിലാവട്ടെ ആകെ 10.73 കോടി രൂപയും കിട്ടാനുണ്ട്. എന്നാല്‍ ഇതില്‍ 4.83 കോടി രൂപയ്ക്ക് മാത്രമേ രേഖകളുള്ളൂവെന്നും കണ്ടെത്തിയിരുന്നു. തദ്ദേശ തിരഞ്ഞടുപ്പ് അടുത്തിരിക്കെ ഇഡി റെയ്ഡ് സിപിഎമ്മിനെ രാഷ്ട്രീയമായി പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. നിക്ഷേപകരുടെ നേതൃത്വത്തില്‍ പ്രദേശത്ത് പ്രതിഷേധവും നടത്തിയിരുന്നു.