ട്രെയിനുകളിലെ അതിക്രമങ്ങള്‍ തടയാന്‍ പരിശോധന കര്‍ശനമാക്കുന്നു. മദ്യപാനികളെ പിടികൂടാനുളള ഓപ്പറേഷന്‍ രക്ഷിതയില്‍ തിരുവനന്തപുരത്ത് 72 പേര്‍ പിടിയില്‍. മദ്യപിച്ച് ലക്ക്കെട്ട സഹയാത്രികന്‍ ട്രെയിനില്‍ നിന്ന് തളളിയിട്ട ശ്രീക്കുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുന്നു.
രണ്ടെണ്ണം വീശി ട്രെയിനില്‍ കയാറാനെത്തുന്നവര്‍ ജാഗ്രതൈ. ബ്രത്തലൈസറുമായി ആര്‍പിഎഫും റെയില്‍വേ പൊലീസും കാത്തു നില്‍പ്പുണ്ട്. മദ്യപിച്ച് ട്രെയിനില്‍ കയറാനെത്തുന്നവര്‍ക്ക് പിടിവീണു തുടങ്ങി. ഇന്നലെ ആരംഭിച്ച ഓപ്പറേഷന്‍ രക്ഷിതയില്‍ ഇതുവരെ കുടുങ്ങിയത് 72 പേര്‍. ഇവര്‍ക്കെതിരെ കേസെടുത്തു. യാത്ര വിലക്കിയ ശേഷം വിട്ടയച്ചു.
കുടിക്കാന്‍ പാകത്തില്‍ മിക്സ് ചെയ്ത് കൊണ്ടുവന്നവര്‍ക്കും പിടിവീണു. മദ്യപിച്ചെത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്ന് റെയില്‍വേ അറിയിച്ചു. യാത്ര തുടരാനും അനുവദിക്കില്ല. കര്‍ശന പരിശോധന രണ്ടാഴ്ച തുടരും. സഹയാത്രികന്‍റെ ക്രൂരതയ്ക്കിരയായ ശ്രീക്കുട്ടി ഇപ്പോഴും അപകടനില തരണം ചെയ്തിട്ടില്ല. വെന്‍റിലേറ്റര്‍ സപ്പോര്‍ട്ടില്‍ ചികില്‍സയിലാണ്. വീഴ്ചയുടെ ആഘാതത്തില്‍ തലച്ചോറിലുണ്ടായ ചതവുകള്‍ സുഖപ്പെടാന്‍ സമയമെടുക്കുമെന്നാണ് വിലയിരുത്തല്‍.