ബെംഗളൂരുവിലെ മലയാളി സമൂഹത്തിന്റെ ഏറെക്കാലമായുള്ള കാത്തിരിപ്പിന് വിരാമമിട്ട് എറണാകുളം-ബെംഗളൂരു വന്ദേ ഭാരത് എക്സ്പ്രസ് സർവീസ് യാഥാർത്ഥ്യമാകുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച രാവിലെ ഫ്ലാഗ് ഓഫ് ചെയ്യുന്നതോടെ പുതിയ സർവീസിന് തുടക്കമാകും. ഞായറാഴ്ച മുതൽ പൊതുജനങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്ത് യാത്ര ചെയ്യാനാകും.
ശനിയാഴ്ച രാവിലെ 8.20-ന് വാരാണസിയിൽ നിന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ പുതിയ സർവീസ് വെർച്വലായി ഫ്ലാഗ് ഓഫ് ചെയ്യുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള മറ്റ് വന്ദേ ഭാരത് സർവീസുകളുടെ ഉദ്ഘാടനവും ഇതിന്റെ ഭാഗമായി നടക്കും.
എറണാകുളം-ബെംഗളൂരു റൂട്ടിലെ യാത്ര എളുപ്പമാക്കുന്നതിൽ ഈ വന്ദേഭാരത് നിർണായക പങ്ക് വഹിക്കും. ഏകദേശം 630 കിലോമീറ്റർ ദൈർഘ്യം എട്ട് മണിക്കൂറിനുള്ളിൽ സഞ്ചരിക്കാൻ ഈ എക്സ്പ്രസ് ട്രെയിനിന് സാധിക്കും എന്നതാണ് പ്രത്യേകത. നിലവിലുള്ള യാത്രാസമയത്തിൽ ഇത് വലിയ കുറവ് വരുത്തും.
സമയക്രമവും സർവീസ് ദിവസങ്ങളും
പ്രധാന സ്റ്റോപ്പുകൾ: യാത്രാവേളയിൽ ഒൻപത് പ്രധാന സ്റ്റോപ്പുകളാണ് ട്രെയിനിനുണ്ടാവുക. കേരളത്തിൽ തൃശ്ശൂർ, പാലക്കാട് എന്നിവിടങ്ങളിലാണ് വന്ദേ ഭാരതിന് സ്റ്റോപ്പുകളുള്ളത്. തമിഴ്നാട്ടിലെ കോയമ്പത്തൂർ, തിരുപ്പൂർ, ഈറോഡ്, സേലം, കർണാടകയിലെ കൃഷ്ണരാജപുരം (കെ.ആർ. പുരം) എന്നിവയാണ് മറ്റു പ്രധാന സ്റ്റോപ്പുകൾ. ബംഗാർപേട്ട്, കുപ്പം, തിരുപ്പത്തൂർ വഴിയായിരിക്കും സർവീസ്. പുതിയ വന്ദേ ഭാരത് എക്സ്പ്രസ് സർവീസ് ആരംഭിക്കുന്നതോടെ ഐ.ടി. ഹബ്ബായ ബെംഗളൂരുവുമായി കേരളത്തിന്റെ ബന്ധം കൂടുതൽ ശക്തമാകും.