ശബരിമല സ്വർണ്ണക്കൊള്ളയിൽ ഉണ്ണികൃഷ്ണൻ പോറ്റിയെ കേന്ദ്രീകരിച്ചുള്ള അന്വേഷണം താൽക്കാലികമായി അവസാനിക്കുന്നു. ഉണ്ണികൃഷ്ണൻ പോറ്റിയെ ഉടൻ റാന്നി കോടതിയിൽ ഹാജരാക്കും. ശ്രീകോവിലിലെ കട്ടളപ്പാളിയിലെ സ്വർണ്ണക്കവർച്ചയിലും അറസ്റ്റ് രേഖപ്പെടുത്തിയതായി കോടതിയെ അറിയിക്കും. അടുത്തഘട്ടത്തിൽ ദേവസ്വം ബോർഡ് പ്രസിഡണ്ടുമാർ ഉൾപ്പെടെയുള്ള ഭരണാധികാരികളുടെ വീഴ്ചയിലേക്ക് അന്വേഷണം തുടങ്ങാൻ തീരുമാനം.

സ്വർണ്ണക്കൊള്ളയിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയെ 14 ദിവസമാണ് അന്വേഷണസംഘം കസ്റ്റഡിയിൽ വച്ചത്. കർണാടകയിലെ ബെള്ളാരിയിൽ നിന്ന് തൊണ്ടിമുതലായ സ്വർണം കണ്ടെടുക്കുകയും ഗൂഢാലോചനയിൽ പങ്കാളികളായവരെ കുറിച്ചുള്ള കൃത്യമായി മൊഴി ലഭിക്കുകയും ചെയ്തതോടെ ആദ്യഘട്ട അന്വേഷണം വിജയം എന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. അന്വേഷണ പുരോഗതി വിലയിരുത്താനായി എഡിജിപി എച്ച്.വെങ്കിടേഷ് എസ്ഐറ്റി ക്യാമ്പ് ഓഫീസിൽ എത്തി രേഖകൾ പരിശോധിച്ചു. അതിനുശേഷം ആണ് അന്വേഷണസംഘം ഉണ്ണികൃഷ്ണൻ പോറ്റിയുമായി റാന്നി കോടതിയിലേക്ക് തിരിച്ചത്. 

ദ്വാരപാലക ശില്പ പാളികളിലെ സ്വർണ്ണ കവർച്ചയിലാണ് ഇപ്പോൾ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നത്. ഇതുകൂടാതെ കട്ടിളപ്പാളിയിലെ സ്വർണ കവർച്ചയിലും അറസ്റ്റ് രേഖപ്പെടുത്തിയതായി ഇന്ന് കോടതിയെ അറിയിക്കും. സന്നിധാനത്ത് ഉൾപ്പെടെ എത്തിച്ചു തെളിവെടുക്കാൻ ഉള്ളതുകൊണ്ട് കൂടുതൽ ദിവസം കസ്റ്റഡി ആവശ്യപ്പെടാനും സാധ്യതയുണ്ട്. രണ്ടാം പ്രതിയായ മുരാരി ബാബുവിന്റെ കസ്റ്റഡി കാലാവധി നാളെ അവസാനിക്കും. 

ദേവസ്വം ഉദ്യോഗസ്ഥരുടെയും പ്രസിഡന്റുമാർ ഉൾപ്പെടെയുള്ള ഭരണാധികാരികളുടെയും പങ്കിനെക്കുറിച്ച് മുരാരി ബാബു മൊഴി നൽകിയതായാണ് സൂചന. അതിനാൽ വരും ദിവസങ്ങളിൽ 2019ലെ ദേവസ്വം പ്രസിഡണ്ടുമാരായ എ.പത്മകുമാർ, എൻ.വാസു എന്നിവരെ നോട്ടീസ് നൽകി വിളിച്ചുവരുത്തി ചോദ്യം ചെയ്യും. പ്രതികൾ ആയിട്ടുള്ള മറ്റ് ദേവസ്വം ഉദ്യോഗസ്ഥരുടെ അറസ്റ്റിലേക്കും കടന്നേക്കും. അതിനിടെ സ്വർണ്ണക്കൊള്ളയിൽ പങ്കാരോപിച്ച് ദേവസമന്ത്രി വി.എൻ.വാസവനെ കണ്ണൂരിൽ യുവമോർച്ച പ്രവർത്തകർ കരിങ്കൊടി കാണിച്ചു.

ENGLISH SUMMARY:

Sabarimala gold scam investigation focuses on Unnikrishnan Potti. The investigation team will present him in court and further investigate Devaswom board members.