മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി എട്ടുമാസത്തെ ഇടവേളയ്ക്ക് ശേഷം കൊച്ചിയിൽ മടങ്ങിയെത്തി. ചെന്നൈയിൽനിന്ന് ഇന്ന് ഉച്ചയോടെയാണ് താരം കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വന്നിറങ്ങിയത്. ചികില്‍സയ്ക്കും തുടർന്ന് സിനിമാ ചിത്രീകരണത്തിനുമായി എട്ടുമാസത്തോളം കേരളത്തിന് പുറത്തായിരുന്ന മമ്മൂട്ടിയെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ വ്യവസായ മന്ത്രി പി. രാജീവ്, അൻവർ സാദത്ത് എം.എൽ.എ എന്നിവർ എത്തിയിരുന്നു. കൂടാതെ അദ്ദേഹത്തിന്റെ സന്തത സഹചാരികളായ ആന്റോ ജോസഫ്, ജോർജ് എന്നിവരും വിമാനത്താവളത്തിൽ ഉണ്ടായിരുന്നു.
വിമാനത്താവളത്തിന് പുറത്ത് കാത്തുനിന്ന മാധ്യമപ്രവർത്തകരോടോ ആരാധകരോടും നിറഞ്ഞ പുഞ്ചിരിയോടെ അദ്ദേഹം കൈവീശി അഭിവാദ്യം ചെയ്തു. തുടർന്ന്, വിമാനത്താവളത്തിൽ തനിക്കായി കൊണ്ടുവന്ന കാർ അദ്ദേഹം സ്വയം ഡ്രൈവ് ചെയ്ത് എളംകുളത്തുള്ള വസതിയിലേക്ക് മടങ്ങി. ഭാര്യയും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
ചികില്‍സയ്ക്കായി ചെന്നൈയിലായിരുന്നു മമ്മൂട്ടി ഇത്രയും നാൾ ചെലവഴിച്ചത്. അവിടെ നിന്ന് ഏകദേശം ഒരു മാസം മുൻപാണ് പുതിയ ചിത്രമായ 'പാട്രിയറ്റിന്റെ' ഷൂട്ടിംഗിനായി ഹൈദരാബാദിലേക്ക് പോയത്. ഈ ഷൂട്ടിംഗ് കഴിഞ്ഞ ശേഷമാണ് അദ്ദേഹം കൊച്ചിയിലേക്ക് തിരിച്ചെത്തിയത്.