തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപനം അടുത്ത ആഴ്ച. നവംബർ അഞ്ചിന് മുമ്പ് പ്രഖ്യാപനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് സർക്കാർ ഇന്നലെ വമ്പൻ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചത്. ഡിസംബർ 5-നും 15-നും ഇടയിൽ രണ്ട് ഘട്ടമായി വോട്ടെടുപ്പ് നടന്നേക്കും. അതിനിടെ, തദ്ദേശ സ്ഥാനാർഥികൾക്കും സി.പി.എം. രണ്ട് ടേം നിർബന്ധമാക്കി.
തദ്ദേശ തെരഞ്ഞെടുപ്പിന് സർക്കാർ ഒരുങ്ങിയെന്ന് വ്യക്തമാക്കും വിധമാണ് വാരിക്കോരിയുള്ള ആനുകൂല്യ പ്രഖ്യാപനങ്ങൾ. വിഴിഞ്ഞം തുറമുഖത്തിന്റെ രണ്ടാം ഘട്ട നിർമ്മാണ ഉദ്ഘാടനം നടക്കുന്ന നവംബർ അഞ്ചിന് ശേഷം പ്രഖ്യാപനം എന്നാണ് നേരത്തെ കരുതിയിരുന്നത്. എന്നാൽ, ആ പരിപാടി മാറ്റിവെച്ചു. നവംബർ ഒന്നിന് നടക്കുന്ന പ്രത്യേക നിയമസഭാ സമ്മേളനവും അതിദാരിദ്ര്യമില്ലാത്ത സംസ്ഥാനം എന്ന പ്രഖ്യാപനവും കഴിഞ്ഞാൽ സർക്കാരിന്റെ വമ്പൻ പരിപാടികളൊന്നും നിശ്ചയിച്ചിട്ടില്ല. അതിനാൽ, അടുത്ത ആഴ്ച ആദ്യം തന്നെ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടായേക്കും.
ഡിസംബർ അഞ്ചിനും 15-നും ഇടയിൽ രണ്ടോ മൂന്നോ ഘട്ടമായി വോട്ടെടുപ്പ് ആവും. ഡിസംബർ 20-ന് മുമ്പ് വോട്ടെണ്ണലും പൂർത്തിയാക്കും. പ്രഖ്യാപനം അടുത്തതോടെ മുന്നണികളെല്ലാം സീറ്റ് വിഭജനവും സ്ഥാനാർത്ഥി നിർണയവും വേഗത്തിലാക്കി. തിരഞ്ഞെടുപ്പ് തീയതി കുറിക്കുന്നതിന്റെ തൊട്ടടുത്ത ദിവസം സ്ഥാനാർത്ഥികൾ കളത്തിൽ ഇറങ്ങുന്ന തരത്തിലാണ് ഒരുക്കങ്ങൾ.
സ്ഥാനാർത്ഥി നിർണയത്തിന് മാനദണ്ഡം നിശ്ചയിച്ച സി.പി.എം. സംസ്ഥാന സമിതി രണ്ടുതവണ തുടർച്ചയായി മത്സരിച്ചവരെ ഇത്തവണ പരിഗണിക്കേണ്ട എന്ന് നിശ്ചയിച്ചു. രണ്ടുതവണ മത്സരിച്ചതിനു ശേഷം ഒരു ടേം മത്സരിച്ചിട്ടില്ലെങ്കിൽ മൂന്നാം തവണ പരിഗണിക്കും. കോർപ്പറേഷൻ, ജില്ലാ പഞ്ചായത്ത് എന്നിവിടങ്ങളിൽ ഇളവ് വേണമെങ്കിൽ സംസ്ഥാന സമിതിയും മറ്റു തദ്ദേശസ്ഥാപനങ്ങളിലേക്കാണെങ്കിൽ ജില്ലാ കമ്മിറ്റിയും തീരുമാനിക്കണം. സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് അവധിയെടുത്ത ശേഷം മത്സരിക്കാം എന്നുമാണ് തീരുമാനം.