കലൂർ രാജ്യാന്തര സ്റ്റേഡിയത്തിന്‍റെ നവീകരണത്തിനായി ചുറ്റുമുള്ള മരങ്ങൾ മുറിച്ചത് എന്തിനെന്ന് ചോദ്യവുമുയരുന്നു. സ്റ്റേഡിയം പരിസരത്തേക്ക് സ്ഥിരമായി വ്യായാമത്തിനടക്കം എത്തുന്നവരാണ് മരം മുറിക്കെതിരെ രംഗത്തെത്തിയത്. അനുവദിച്ചതിൽ കൂടുതൽ മരങ്ങൾ മുറിച്ചിട്ടുണ്ടെങ്കിൽ പരിശോധിക്കാമെന്നാണ് ജിസിഡിഎയുടെ നിലപാട്.

ബാനർജി റോഡിൽ നിന്നും സ്റ്റേഡിയത്തിലേക്കുള്ള നാലുവരിപ്പാതയുടെ ഇരുവശത്തും നിരവധി മരങ്ങൾ ഉണ്ട്. ഈ മരങ്ങൾക്ക് ചുറ്റും കൃത്യമായി തറകെട്ടി സംരക്ഷിച്ചിട്ടുണ്ടായിരുന്നു. സ്റ്റേഡിയത്തിന് ചുറ്റും നടക്കാൻ ഇറങ്ങുന്ന ആളുകൾ വിശ്രമിച്ചിരുന്നതും ഈ മരങ്ങൾക്ക് താഴെയാണ്. നവീകരണത്തിന്‍റെ പേരിൽ ഇവയുടെ കൊമ്പുകൾ വ്യാപകമായി വെട്ടി. പല മരങ്ങളുടെയും പകുതിയിലേറെ വെട്ടിക്കളഞ്ഞു. പാർക്കിങ് ഗ്രൗണ്ടുകളിൽ നിന്നിരുന്ന ചെറിയ മരങ്ങൾ കാണാനേയില്ല. സ്റ്റേഡിയത്തിന്‍റെ പ്രധാന കവാടത്തിന് മുന്നിലെ ഞാവലടക്കമുള്ള വലിയ മരങ്ങൾ പൂർണ്ണമായി പിഴുതെറിഞ്ഞിട്ടുണ്ട്. ഇതൊക്കെ എന്തിനെന്ന് ചോദ്യമാണ് ആളുകൾ ഉയർത്തുന്നത്.

മരം മുറിക്കാൻ ജിസിഡിഎ അനുമതി നൽകിയിട്ടുണ്ടെന്ന് സ്പോൺസർ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ഇക്കാര്യം ജിസിഡിഎയും സമ്മതിച്ചു. അനുവദിച്ചതിൽ കൂടുതൽ മരങ്ങൾ മുറിച്ചിട്ടുണ്ടെങ്കിൽ അക്കാര്യം പരിശോധിക്കാം എന്നാണ് ജിസിഡിഎയുടെ നിലപാട്. 

ENGLISH SUMMARY:

Kaloor Stadium renovation sparks controversy over tree removal. The public questions the necessity of cutting down trees during the stadium's redevelopment project in Kochi