സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം (Amebic Meningoencephalitis) ബാധിച്ച് വീണ്ടും മരണം. തിരുവനന്തപുരം ചിറയിൻകീഴ് അഴൂർ സ്വദേശിനി വസന്ത (77) ആണ് ഇന്ന് വൈകിട്ടോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. ഇതോടെ ഈ വർഷം സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചവരുടെ എണ്ണം 31 ആയി.

സോഡിയം കുറഞ്ഞതിനെ തുടർന്ന് ചികിത്സ തേടിയപ്പോഴാണ് വസന്തയ്ക്ക് രോഗം സ്ഥിരീകരിച്ചത്. ഒരു മാസത്തോളമായി അവർ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. 10 ദിവസം മുമ്പ് നടത്തിയ പരിശോധനയിലാണ് രോഗം അമീബിക് മസ്തിഷ്ക ജ്വരമാണ് എന്നുള്ള കാര്യം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച ശേഷം ചികിത്സ തുടർന്നുവെങ്കിലും ഇന്ന് വൈകിട്ടോടെ മരണം സംഭവിക്കുകയായിരുന്നു.

ഉറവിടം അവ്യക്തം, ആശങ്കയേറുന്നു

രോഗബാധയുടെ ഉറവിടം എന്താണ് എന്നുള്ള കാര്യം ഇതുവരെ കണ്ടെത്താനായിട്ടില്ല. മരിച്ച വസന്ത വീട്ടിൽ നിന്നും അധികം പുറത്തുപോകാത്ത വ്യക്തിയാണ് എന്നതും കൂടുതൽ സങ്കീർണ്ണമാക്കുന്നു. വീടും പരിസരപ്രദേശങ്ങളും ആരോഗ്യ വിഭാഗം നിരീക്ഷണത്തിലാക്കി ക്ലോറിനേഷൻ ഉൾപ്പെടെയുള്ള പ്രതിരോധ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഈ രോഗം എങ്ങനെയാണ് പടരുന്നത് എന്നതുൾപ്പെടെയുള്ള വിശദമായ പഠനങ്ങൾ നടന്നുകൊണ്ടിരിക്കുന്നതിനിടെയാണ് വീണ്ടും ഒരു മരണം റിപ്പോർട്ട് ചെയ്യുന്നത്.

കെട്ടിക്കിടക്കുന്ന വെള്ളത്തിലാണ് അമീബയുടെ സാന്നിധ്യമുണ്ടാവുക. വേനൽക്കാലത്ത് വെള്ളത്തിന്റെ അളവ് കുറയുന്നതോടെ അമീബ വർധിക്കും.  മഴക്കാലത്ത് കുളത്തിനു അടിഭാഗത്തു കഴിയുന്ന അമീബ   വേനലിൽ വെള്ളം ഇളം ചൂടിലേക്കു വരുമ്പോൾ പുറത്തേക്കെത്തും. ജലാശയത്തിൽ മുങ്ങുമ്പോൾ വെള്ളം മൂക്കിലൂടെ പ്രവേശിച്ച് തലച്ചോറിലെത്തിയാണ് രോഗബാധയുണ്ടാവുന്നത്.  അമീബയുള്ള വെള്ളം കുടിച്ചാൽ മസ്തിഷ്കജ്വരം ഉണ്ടാകാറില്ല.    മനുഷ്യരിൽ നിന്നു മനുഷ്യരിലേക്കു രോഗം പകരില്ല. അമീബയുടെ സാന്നിധ്യമുള്ള വെള്ളവുമായി സമ്പർക്കത്തിൽ വരുന്നവരിൽ 26 ലക്ഷത്തിൽ ഒരാൾക്കു മാത്രമാണ് രോഗം വരുന്നത്. പക്ഷേ രോഗം ബാധിച്ചവരിൽ  97 ശതമാനത്തിലധികമാണ് മരണനിരക്ക്.

ലക്ഷണങ്ങൾ

രോഗാണുബാധ ഉണ്ടായി ഒന്നു മുതൽ 9 ദിവസങ്ങൾക്കുള്ളിലാണു രോഗലക്ഷണങ്ങൾ ഉണ്ടാകുന്നത്.  കടുത്ത തലവേദന, പനി, ഓക്കാനം, ഛർദി, കഴുത്ത് തിരിക്കാൻ ബുദ്ധിമുട്ട് തുടങ്ങിയവയാണ് പ്രാഥമിക ലക്ഷണങ്ങൾ. ഗുരുതരാവസ്ഥയിൽ എത്തുമ്പോൾ അപസ്മാരം, ബോധക്ഷയം, ഓർമക്കുറവ് തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടാകുന്നു.

സൂക്ഷിക്കാം ഈ കാര്യങ്ങൾ

  • കെട്ടിക്കിടക്കുന്ന വെള്ളത്തിലാണ്  നേഗ്ലെറിയ ഫൗലേറി അമീബയുണ്ടാകാൻ സാധ്യത.  ഏറെക്കാലമായി ഉപയോഗിക്കാതെ കിടക്കുന്ന ജലാശയങ്ങളിലും നീന്തൽക്കുളങ്ങളിലും ഇറങ്ങരുത്.
  • ചെവിയിൽ പഴുപ്പ് ഉൾപ്പെടെ രോഗങ്ങളുള്ള കുട്ടികൾ കുളത്തിലും കെട്ടിക്കിടക്കുന്ന വെള്ളത്തിലും  കുളിക്കരുത്. 
  • പാർക്കുകളിലെയും സ്വിമ്മിങ് പൂളുകളിലെയും വെള്ളം ക്ലോറിനേറ്റ് ചെയ്തെന്ന് ഉറപ്പാക്കണം. 
  • കുളങ്ങളും ജലാശയങ്ങളും വൃത്തിയാക്കുകയും ക്ലോറിനേറ്റ് ചെയ്യുകയും വേണം.
  • മൂക്കിൽ കൂടിയാണു അമീബ തലച്ചോറിൽ പ്രവേശിക്കുകയെന്നതിനാൽ  ജലാശയങ്ങളിൽ ഇറങ്ങുമ്പോൾ  നേസൽ  ക്ലിപ്പുകൾ ഉപയോഗിക്കാം.
ENGLISH SUMMARY:

Amoebic Meningoencephalitis is a rare but deadly infection caused by Naegleria fowleri. This article discusses the recent cases in Kerala, symptoms, prevention, and precautions to take against this infection.