ഇടുക്കി അടിമാലിയിൽ മണ്ണിടിച്ചിലുണ്ടായ സ്ഥലത്ത് വീണ്ടും വിള്ളലുകൾ കണ്ടെത്തി. ജില്ലാ കലക്ടറുടെ നിർദേശത്തെ തുടർന്ന് വിവിധ വകുപ്പുകൾ നടത്തിയ പരിശോധനയിലാണ് വിള്ളലുകൾ കണ്ടെത്തിയത്. അതീവ ജാഗ്രതാ നിർദ്ദേശം നിലനിൽക്കുന്നതിനാൽ പ്രദേശത്തുള്ളവരെ മാറ്റി താമസിപ്പിച്ചു.
വലിയ മണ്ണിടിച്ചിലുണ്ടായ ലക്ഷം വീട് ഉന്നതിക്ക് സമീപം 150 മീറ്ററോളം മാറിയാണ് വലിയ വിള്ളലുകൾ കണ്ടെത്തിയത്. റവന്യൂ, ജിയോളജി, പൊതുമരാമത്ത് വകുപ്പുകൾ സംയുക്തമായാണ് പ്രദേശത്ത് പരിശോധന നടത്തിയത്. ദേശീയപാത നിർമ്മാണത്തിന്‍റെ ഭാഗമായി മണ്ണെടുപ്പ് നടത്തിയതാണോ മണ്ണിടിച്ചിലിന് കാരണമെന്ന് പ്രത്യേകസംഘം വിശദമായി പരിശോധിക്കും.
രണ്ടുദിവസത്തിനകം അന്വേഷണസംഘം പ്രാഥമിക റിപ്പോർട്ട് ജില്ലാ കലക്ടർക്ക് സമർപ്പിക്കും. കൊച്ചി ധനുഷ്കോടി ദേശീയപാത രണ്ടാം റീച്ച് നിർമ്മാണം നടക്കുന്ന മറ്റാടങ്ങളിലും പരിശോധന നടത്തിയ ശേഷം നാലുദിവസം കൊണ്ട് സമഗ്ര റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം. പൂർണമായും വീട് തകർന്നവരെ ഉടൻതന്നെ അടിമാലിയിലെ കെഎസ്ഇബി ക്വർട്ടേഴ്സിലേക്ക് മാറ്റി പാർപ്പിക്കും.