AI IMAGE
ട്രെയിൻ യാത്രക്കാരുടെ ഇലക്ട്രോണിക്സ് ഉപകരണങ്ങൾ മോഷ്ടിക്കുന്ന 22കാരൻ പിടിയിൽ. തിരുവനന്തപുരം വള്ളക്കടവ് സ്വദേശി സേതുമധുവിനെയാണ് (22) റെയിൽവേ പൊലീസ് കുടുക്കിയത്. യുവാവ് ആലുവയിലെ ഒരു സ്ഥാപനത്തിൽ സെക്യൂരിറ്റി ജീവനക്കാരനായി ജോലിചെയ്യുകയാണ്.
മണ്ണുത്തി ഓഫീസിലെ ഹൈഡ്രോജിയോളജിസ്റ്റായ നിയാസിന്റെ മൊബൈലും ലാപ്ടോപ്പും ഉൾപ്പെടെ ഒന്നേമുക്കാൽ ലക്ഷം രൂപയുടെ സാധനങ്ങൾ കവർന്ന കേസിലാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാവിലെ തിരുവനന്തപുരത്തു നിന്ന് ആലുവയിൽ ട്രെയിനിറങ്ങിയ യുവാവിനെ ആർ.പി.എഫും എറണാകുളം റെയിൽവേ പൊലീസും ചേർന്നാണ് പിടികൂടിയത്.
ചെന്നൈ എഗ്മോർ - ഗുരുവായൂർ എക്‌സ്പ്രസ് ട്രെയിനിലെ എസി കോച്ചിൽ ഉറങ്ങിക്കിടക്കുകയായിരുന്നു നിയാസ്. ആ സമയത്താണ് നിയാസിന്റെ ബാഗും മോഷ്ടിച്ച് സേതുമധു ആലുവ സ്റ്റേഷനിൽ ഇറങ്ങിയത്. ഇതിന്റെ നിരീക്ഷണ കാമറാ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. ഈ ദൃശ്യങ്ങൾ പിന്തുടർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.