Image Credit: facebook/ADIMALI NEWS

ലക്ഷംവീട് ഉന്നതിയിലുണ്ടായ മണ്ണിടിച്ചിലിന്‍റെ നടുക്കത്തിലാണ് അടിമാലി. മണ്ണിടിച്ചില്‍ സൂചനയെ തുടര്‍ന്ന് പ്രദേശത്ത് നിന്ന് 22 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിരുന്നു. രാത്രി പത്തുമണിയോടെ സര്‍ട്ടിഫിക്കറ്റുകളെടുക്കാന്‍ വന്നപ്പോഴാണ് ബിജുവും ഭാര്യ സന്ധ്യയും അപകടത്തില്‍പ്പെട്ടത്. ബിജുവും സന്ധ്യയും മണ്ണിടിച്ചില്‍പ്പെട്ടെന്ന് വിവരം ലഭിച്ചതും നാട്ടുകാരും പൊലീസും അഗ്നിരക്ഷാസേനയും ചേര്‍ന്ന് തിരച്ചില്‍ ആരംഭിച്ചു. മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ സന്ധ്യയെ പുറത്തെടുക്കാന്‍ കഴിഞ്ഞു. ബിജുവാകട്ടെ കോണ്‍ക്രീറ്റ്പാളിക്കടിയില്‍ കുടുങ്ങി. ഭിത്തിയും തകര്‍ന്നുവീണു. 

ഏഴുമണിക്കൂറോളം നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് ബിജുവിനെ പുറത്തെടുക്കാനായത്. അപ്പോഴേക്കും ജീവന്‍ നഷ്ടമായിരുന്നു. കടുത്ത ശ്വാസതടസവും കാലിന് ഗുരുതര പരുക്കുമേറ്റ സന്ധ്യയെ അതിവേഗത്തില്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. രണ്ടുമക്കളാണ് ബിജുവിനും സന്ധ്യയ്ക്കുമുള്ളത്. കോട്ടയത്ത് നഴ്സിങ് വിദ്യാര്‍ഥിയാണ് മൂത്തമകള്‍. ഇളയമകന്‍ കാന്‍സര്‍ ബാധിച്ച് കഴിഞ്ഞ വര്‍ഷം മരിച്ചു. 

അതേസമയം, മണ്ണിടിച്ചിലില്‍ എട്ടുവീടുകള്‍ തകര്‍ന്നുവെന്നാണ് നിലവിലെ റിപ്പോര്‍ട്ട്. രണ്ടുവീടുകള്‍ പൂര്‍ണമായും ആറു വീടുകള്‍ ഭാഗികമായും തകര്‍ന്നു. പ്രദേശത്ത് വീണ്ടും മണ്ണിടിയുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍. അശാസ്ത്രീയമായ മണ്ണെടുപ്പ് വരുത്തിവച്ച ദുരന്തമാണിതെന്ന് നാട്ടുകാര്‍പറയുന്നു. മുന്‍പ് പലതവണ പരാതി ഉന്നയിച്ചിരുന്നുവെങ്കിലും ഫലമുണ്ടായില്ലെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. വലിയരീതിയില്‍ വിള്ളല്‍ പ്രദേശത്ത് ഉണ്ടായിരുന്നു. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്നും നാട്ടുകാര്‍ പറയുന്നു. ഇന്നലെ വൈകുന്നേരം മാത്രമാണ് ആളുകളെ മാറ്റണമെന്ന നിര്‍ദേശം ലഭിച്ചത്.

ENGLISH SUMMARY:

Landslide in Adimali caused a major tragedy. The incident resulted in casualties and significant damage to homes, raising concerns about unscientific land excavation practices in the region.