വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയ്ക്ക് എ.ബി.വി.പിയുടെ വക മിഠായിയും പൊന്നാടയും നൽകി. തൃശൂരിലായിരുന്നു എ.ബി.വി.പിയുടെ പ്രതീകാത്മക വന്ദനം അഭിവന്ദനം പരിപാടി. കേരളം പി.എം. ശ്രീയിൽ ഒപ്പിട്ടതിനായിരുന്നു എ.ബി.വി.പിയുടെ അഭിനന്ദനം. ശിവൻകുട്ടിയുടെ ചിത്രമുള്ള മുഖംമൂടി ധരിച്ച് എ.ബി.വി.പി. പ്രവർത്തകർ പ്രകടനവും നടത്തി. 

അതേസമയം, പി.എം.ശ്രീയെ ചൊല്ലി എൽഡിഎഫിൽ ഉണ്ടായ അസാധാരണ പൊട്ടിത്തെറിക്കിടെ അനുനയ നീക്കവുമായി വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി സിപിഐ ആസ്ഥാനമായ എം.എൻ. സ്മാരകത്തിലെത്തി. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമായും മന്ത്രി ജി.ആർ. അനിലുമായും നടത്തിയ ചർച്ചയിൽ കാര്യമായ പുരോഗതി ഉണ്ടായില്ല. പിഎം ശ്രീയിൽ നിന്നും പിന്മാറണമെന്ന ആവശ്യം ബിനോയ് വിശ്വം ഉന്നയിച്ചു. 

മന്ത്രിസഭ അറിയാതെ കരാർ ഒപ്പിട്ടതിനെ പറ്റി അറിയണമെന്ന് ചർച്ചയിൽ സിപിഐ ആവശ്യപ്പെട്ടു. ഫണ്ട് കിട്ടാനാണ് കരാറില്‍ ഒപ്പിട്ടതെന്ന നിലപാടാണ് ചർച്ചയിൽ വിദ്യാഭ്യാസ മന്ത്രി സ്വീകരിച്ചത്. എല്ലാ പ്രശ്നങ്ങളും പരിഹരിക്കുമെന്ന് വി ശിവൻകുട്ടി പ്രതികരിച്ചു. സിപിഐയുമായി നടത്തിയ ചർച്ചയിലെ എല്ലാകാര്യങ്ങളും വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല എന്ന് ശിവൻകുട്ടി പറഞ്ഞു.പിഎംശ്രീയില്‍ ഒപ്പിട്ടത് എം.എ.ബേബി അറിഞ്ഞെന്ന് സിപിഎം നേതാവ് എ.കെ.ബാലന്‍ പറഞ്ഞു. ബിനോയ് വിശ്വം പറഞ്ഞതിന് അടിസ്ഥാനമില്ലെന്നും തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നതായും എ.കെ.ബാലന്‍ പറഞ്ഞു.

പിഎംശ്രീ പദ്ധതിയില്‍ ഒപ്പിട്ടത് എന്തിനെന്ന് വിദ്യാഭ്യാസ മന്ത്രി പറയണമെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍.അനില്‍ ആവശ്യപ്പെട്ടു. വിഷയം മന്ത്രിസഭയോട് ഒളിച്ചുവച്ചതെന്തിനെന്നും മന്ത്രി ചോദിച്ചു. പദ്ധതിയില്‍നിന്ന് സര്‍ക്കാരിന് ഇനിയും പിന്‍മാറാനാകുമെന്ന് കെ.പ്രകാശ്ബാബു പറഞ്ഞു. സി.പി.ഐയെ മാത്രമല്ല കേരളത്തെയാകെ മുഖ്യമന്ത്രി ഇരുട്ടില്‍ നിര്‍ത്തുകയാണെന്ന് പ്രതിപക്ഷനേതാവ് ആരോപിച്ചു.

ENGLISH SUMMARY:

Kerala Education Minister V Sivankutty faces criticism over the PM Shri scheme. The minister is navigating political tensions after signing the agreement, leading to discussions with CPI leaders.