പി.എം. ശ്രീയില്‍ ഒപ്പുവച്ചതിന് കേരളത്തെ അഭിനന്ദിച്ച് കേന്ദ്രസര്‍ക്കാര്‍. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമാണ് പിഎം ശ്രീയെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി. ഇന്ത്യയെ വിജ്ഞാന രംഗത്തെ സൂപ്പര്‍ പവറാക്കുകയാണ് NEPയുടെ ലക്ഷ്യമെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു പറഞ്ഞു. അതിനിടെ, പിഎം ശ്രീയിൽ ഒപ്പുവച്ചതിന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടിയെ എബിവിപി അഭിനന്ദിച്ചു.
പിഎം ശ്രീ നടപ്പിലാക്കാനുള്ള ധാരണാപത്രത്തിൽ ഒപ്പുവച്ചതിനാണ് കേരള സർക്കാരിനെ അഭിനന്ദിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം കുറിപ്പിറക്കിയത്. സ്കൂൾ വിദ്യാഭ്യാസത്തിൽ വലിയ മാറ്റം വരുത്തുന്ന നാഴികക്കല്ലായ തീരുമാനമാണ് കേരളത്തിന്റെതെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. സ്മാർട്ട് ക്ലാസ് മുറികൾ അടക്കം ആധുനിക അടിസ്ഥാന സൗകര്യങ്ങൾ സാധ്യമാകുമെന്നും മന്ത്രാലയം വ്യക്തമാക്കി. PM ശ്രീ വിവാദങ്ങള്‍ക്കിടെ ദേശീയ വിദ്യാഭ്യാസ നയത്തിനെ പുകഴ്ത്തി രാഷ്ട്രപതി ദ്രൗപദി മുര്‍മു. ഇന്ത്യയെ വിജ്ഞാന രംഗത്തെ സൂപ്പര്‍ പവറാക്കുകയാണ് NEPയുടെ ലക്ഷ്യമെന്ന് രാഷ്ട്രപതി. കൊച്ചി സെന്റ് തെരേസാസ് കോളജ് ശതാബ്ദി ആഘോഷത്തിലാണ് പരാമര്‍ശം.
പിഎം ശ്രീ കേരളത്തിന് ഗുണകരമെന്നും NEP സ്വീകരിക്കാതെ മുന്നോട്ടുപോകാനാകില്ലെന്നും കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ പറഞ്ഞു. സിപിഐക്ക് കേരളത്തില്‍ ഒരു പ്രാധാന്യവുമില്ലെന്ന് കെ.സുരേന്ദ്രന്റെ പരിഹാസം. ആദ്യം കുറെ ബഹളം വയ്ക്കും, പിന്നെ കീഴടങ്ങും. പിണറായി കുനിയാന്‍ പറഞ്ഞാല്‍ ബിനോയ് വിശ്വം മുട്ടിലിഴയുമെന്നും കെ.സുരേന്ദ്രന്റെ രൂക്ഷ വിമർശനം. അതിനിടെ പിഎം ശ്രീയിൽ ഒപ്പുവച്ചതിന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടിയെ എബിവിപി അഭിനന്ദിച്ചു. വിദ്യാഭ്യാസ മന്ത്രിയെ നേരിൽ കണ്ടാണ് എബിവിപി അഭിനന്ദനം അറിയിച്ചത്.